അഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യും; ഇഷാൻ കിഷനും അക്സർ പട്ടേലും തിരിച്ചെത്തും; ഹാർദിക്കിന് വിശ്രമം; കാര്യവട്ടത്തെ അവസാന പോരാട്ടത്തിൽ ജയിച്ചു കയറാൻ ഇന്ത്യ; സാധ്യത ഇലവൻ അറിയാം
തിരുവനന്തപുരം: ശനിയാഴ്ച കാര്യവട്ടം ഗ്രീൻ ഫീൽഡിൽ നടക്കുന്ന അഞ്ചാം ടി20 പോരാട്ടത്തിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ആധികാരിക ജയത്തോടെ പരമ്പര അവസാനിപ്പിക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നുവെങ്കിലും നാലാം മത്സരത്തിൽ 50 റൺസിന് പരാജയപ്പെട്ടിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായതിനാൽ, ടൂർണമെന്റിൽ കളിക്കാൻ സാധ്യതയുള്ള പ്രമുഖ താരങ്ങളെ അണിനിരത്തിയാകും ഇന്ത്യ ഇറങ്ങുക.
സഞ്ജുവിൽ കണ്ണുനട്ട് ആരാധകർ
സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജു സാംസണ് ലഭിക്കുന്ന സുവർണ്ണാവസരമാണിത്. കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഫോമിലുള്ള അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന സഞ്ജു, വലിയൊരു സ്കോർ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.
ടീമിലെ മാറ്റങ്ങൾ
പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിലേക്ക് മാറും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ശിവം ദുബെ ടീമിൽ തുടരും. വിരലിന് പരിക്കേറ്റ് പുറത്തിരുന്ന അക്സർ പട്ടേൽ ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ആദ്യ നാല് മത്സരങ്ങളിലും കളിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കും.സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി അക്സർ പട്ടേലും വരുൺ ചക്രവർത്തിയും എത്തുമ്പോൾ, പേസ് നിരയിൽ നയിക്കുന്നത് ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.