ജേഴ്‌സിയില്‍ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ മുദ്ര ഉണ്ടായിരിക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശമില്ല; ഉദ്ഘാടനച്ചടങ്ങില്‍ രോഹിത് പങ്കെടുക്കുമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ

Update: 2025-01-23 05:16 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചാമ്പ്യന്‍സ് ട്രോഫി ജേഴ്സിയില്‍ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ മുദ്ര ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ. ജേഴ്‌സിയില്‍ ചാമ്പ്യന്‍സ് ട്രോഫി 2025 ലോഗോയില്‍ നിന്ന് 'പാകിസ്ഥാന്‍' ലോഗോ നീക്കം ചെയ്യണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിരസിച്ചു.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമും ക്രിക്കറ്റ് ബോര്‍ഡും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നിര്‍ദ്ദേശം പാലിക്കുമെന്ന് സൈകിയ വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ ആതിഥേയാവകാശം പാക്കിസ്ഥാനാണ്, ചാമ്പ്യന്‍സ് ട്രോഫി 2025 ലോഗോയ്ക്ക് താഴെ അവരുടെ പേര് ഉണ്ടായിരിക്കും. എന്നിരുന്നാലും, പാകിസ്ഥാന്‍ അവരുടെ എല്ലാ മത്സരങ്ങളും നാട്ടില്‍ കളിക്കില്ല. പാക്കിസ്ഥാന്റെ ഒരു മത്സരമെങ്കിലും കളിക്കാന്‍ ദുബായിലേക്ക് പോകേണ്ടിവരും. ഫെബ്രുവരി 23ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയെ നേരിടും.

ജേഴ്സി ലോഗോ ഉള്‍പ്പെടെയുള്ള ഐസിസി 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി എന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജമാക്കിയാലും ഞങ്ങള്‍ പിന്തുടരും. അത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ഒരിക്കലും ഉദ്ദേശ്യമില്ല. അതിനാല്‍, മാധ്യമങ്ങളില്‍ നടക്കുന്നതെന്തും , അവര്‍ക്ക് ആ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന് എനിക്കറിയില്ല. അതേസമയം കറാച്ചിയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പങ്കെടുക്കുമോയെന്ന് തീരുമാനിച്ചില്ലെന്നും ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും സൈക്കിയ പറഞ്ഞു.

ഫെബ്രുവരി 19-നാണ് പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റി.

Tags:    

Similar News