ജയ്‌സ്വാളിനും ശ്രേയസിനും ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല; സഞ്ജു സാംസൺ-അഭിഷേക് ശർമ്മ കൂട്ട്കെട്ട് തുടരാൻ സാധ്യത; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Update: 2025-08-15 05:44 GMT

മുംബൈ: അടുത്ത മാസം യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനും മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്കും ഏഷ്യാ കപ്പ് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ല.

വിൻഡീസ് പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്‌സ്വാളിനോട് റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ നിർദ്ദേശം നൽകിയതായാണ് സൂചന. 23 ടി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ള ജയ്‌സ്വാൾ 723 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 559 റൺസെടുത്ത് തിളങ്ങിയെങ്കിലും ഏഷ്യാ കപ്പ് ടീമിൽ സഞ്ജു സാംസൺ-അഭിഷേക് ശർമ്മ ഓപ്പണിംഗ് കൂട്ടുകെട്ട് മുന്നോട്ട് പോകാനാണ് സാധ്യത.

ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗിൽ ടി20 ടീമിൽ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഗിൽ വൈസ് ക്യാപ്റ്റനായാൽ അക്സർ പട്ടേലിന് ടീമിൽ സ്ഥാനം നഷ്ടമായേക്കും. ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിന്റെ സാധ്യതകളെയും ബാധിക്കാം.

ഐപിഎല്ലിൽ ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ ശ്രേയസ് അയ്യർക്കും ടി20 ടീമിൽ തിരിച്ചെത്താൻ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. ജസ്പ്രീത് ബുംറ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലുണ്ടാകും. സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കിൽ ജിതേഷ് ശർമ്മയോ ധ്രുവ് ജുറലോ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടും. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.

Tags:    

Similar News