ബംഗ്ലദേശിന് എതിരായ ടെസ്റ്റിന് മുന്നൊരുക്കം; ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനത്തില്‍; ലണ്ടനില്‍നിന്ന് കോലിയെത്തി; ദൃശ്യങ്ങള്‍ വൈറലാകുന്നു
ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനത്തില്‍
ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മുന്നൊരുക്കത്തില്‍ രോഹിത് ശര്‍മയും സംഘവും. ഇന്ത്യന്‍ ടീം ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചെന്നൈയില്‍ എത്തി. ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകനായി നിയമിതനായ ദക്ഷിണാഫ്രിക്ക മുന്‍ താരം മോണി മോര്‍ക്കലും ടീമിനൊപ്പം ചേര്‍ന്നു. ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വ്യാഴാഴ്ച രാത്രിയോടെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെന്നൈയില്‍ എത്തിയത്. ലണ്ടനിലായിരുന്ന വിരാട് കോലി ഇന്നു പുലര്‍ച്ചെയാണ് ചെന്നൈയില്‍ വിമാനമിറങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജസ്പ്രീത് ബുമ്ര, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് തുടങ്ങിയവരും ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു.
സെപ്റ്റംബര്‍ 19 മുതലാണ് ചെന്നൈയില്‍ ഇന്ത്യബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഈ മാസം 27 മുതല്‍ കാന്‍പുരില്‍ നടക്കും. ഇതിനു ശേഷം മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പരയുമുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാനെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തോടെയാണ് ബംഗ്ലദേശ് ഇന്ത്യയിലെത്തുന്നത്. പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. ഈ പരമ്പര ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നത്തിലേക്കു കൂടുതല്‍ അടുക്കാനാണ് ഇന്ത്യയുടെ ശ്രമം.