അവസാന നിമിഷം അര്‍ജുന്‍ ടെണ്ടുള്‍ക്കറിന്റെ രക്ഷയ്ക്കെത്തി മുംബൈ; അണ്‍സോള്‍ഡായി ഹൈദരാബാദിന്റെ മുന്‍വിജയ നായകന്‍ ഡേവിഡ് വാര്‍ണര്‍; ആദ്യ ദിനം ബാറ്റ്സ്മാന്‍മാര്‍ പണം കൊയ്തപ്പോള്‍ രണ്ടാം ദിനം നേട്ടമുണ്ടാക്കിയത് പേസര്‍മാര്‍; മെഗാ ലേലം പൂര്‍ത്തിയായി; ഐപിഎല്‍ ലേലം ഒറ്റനോട്ടത്തില്‍

ഐപിഎല്‍ ലേലം ഒറ്റനോട്ടത്തില്‍

Update: 2024-11-25 18:14 GMT

ജിദ്ദ: ഐപിഎല്ലിന്റെ ഏറ്റവും പുതിയ സീസണിനുള്ള മെഗതാരലേലം ജിദ്ദയില്‍ സമാപിച്ചു.അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ ലേലത്തില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റുകളും ഉണ്ടായി.സച്ചിന്റെ ടെണ്ടുള്‍ക്കറിന്റെ മകന്‍ അര്‍ജ്ജുന്‍ ലേലത്തിന്റെ അവസാന ഘട്ടം വരെയും അണ്‍സോള്‍ഡായെങ്കില്‍ അവസാന നിമിഷത്തില്‍ മുംബൈ തന്നെ താരത്തിന്റെ രക്ഷയ്ക്കെത്തി.അടിസ്ഥാന വിലയായ 30 ലക്ഷത്തിന് താരത്തെ മുംബൈ സ്വന്തമാക്കുകയായിരുന്നു.ഓസ്ട്രേലിയന്‍താരവും ഹൈദരാബാദിന്റെ മുന്‍ വിന്നിങ്ങ് ക്യാപ്റ്റനുമായ ഡേവഡ് വാര്‍ണര്‍,ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ലേലത്തില്‍ ്അണ്‍ സോള്‍ഡായ പ്രധാന താരങ്ങളാണ്.

ഒന്നാം ദിനത്തില്‍ റെക്കോര്‍ഡ് തുക കൊണ്ട് ഋഷഭ് പന്തും ശ്രേയസ്സ് ആയ്യരുമാണ് ലേലത്തെ ഞെട്ടിച്ചതെങ്കില്‍ രണ്ടാം ദിനത്തില്‍ 13 ാം വയസ്സില്‍ കോടിപതിയായി രാജസ്ഥാനത്തിലെത്തിയ വൈഭവ് സൂര്യവന്‍ഷി അത്ഭുത താരമായി.ആദ്യദിനത്തില്‍ ബാറ്റ്സ്മാന്‍മാര്‍ പൊതുവേ നേട്ടം കൊയ്തപ്പോള്‍ രണ്ടാം ദിനത്തിലെ അവസരം പേസര്‍മാരുടെതായിരുന്നു.അതില്‍ തന്നെ ഇന്ത്യന്‍ പേസര്‍മാര്‍ മികവ് കാട്ടുകയും ചെയ്തു.ആര്‍സിബി 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാറാണ് രണ്ടാം ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച താരം. ദീപക് ചാഹര്‍ (9.25 കോടിക്ക് മുംബൈയില്‍), എട്ടു കോടി വീതം ലഭിച്ച ആകാശ്ദീപ് സിങ് (ലക്നൗ), മുകേഷ് കുമാര്‍ (ഡല്‍ഹി) എന്നിവരും ശ്രദ്ധ നേടി.

മാര്‍ക്കോ യാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് വാങ്ങി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെടുത്തു. ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി.10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.എട്ടുതാരങ്ങളെ ടീമുകള്‍ റൈറ്റ് റ്റു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ടീമില്‍ നിലനിര്‍ത്തി.

റെക്കോഡ് തുക നേടി ഋഷഭ് പന്ത്..വിസ്മയിപ്പിച്ച് വൈഭവും

ആദ്യദിനം 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി. ശ്രേയസ് അയ്യറിനായി പഞ്ചാബ് കിങ്‌സ് 26.75 കോടി രൂപയും വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടിയും ചെലവാക്കി.ഇ മൂന്നുപേരുമായിരുന്നു ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണമെങ്കില്‍ 30 ലക്ഷം അടിസ്ഥാന വിലയില്‍ നിന്ന് 1 കോടി 10 ലക്ഷത്തിന് രാജസ്ഥാന്‍ സ്വന്തമാക്കിയ വൈഭവ് സൂര്യവന്‍ഷിയാണ് രണ്ടാം ദിവസത്തെ താരം.തന്റെ പതിമൂന്നാം വയസിലാണ് കോടി നേട്ടവുമായി വൈഭവ് ഐപിഎല്ലിന്റെ തന്നെ അത്ഭുത ബാലനാകുന്നത്.

18 കോടി വീതം ലഭിച്ച അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്‌സ്), യുസ്വേന്ദ്ര ചാഹല്‍ (പഞ്ചാബ് കിങ്‌സ്), 15.75 കോടി നേടിയ ജോസ് ബട്‌ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), 14 കോടി നേടിയ കെ.എല്‍. രാഹുല്‍(ഡല്‍ഹി ക്യാപിറ്റല്‍സ്), 12.5 കോടി വീതം നേടിയ ജൊഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്), ജോഷ് ഹേസല്‍വുഡ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരാണ് ഉയര്‍ന്ന തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

ആദ്യ റൗണ്ടില്‍ പിന്തള്ളപ്പെട്ടു പോയ അജിന്‍ക്യ രഹാനെ (1.5 കോടിക്ക് കൊല്‍ക്കത്തയില്‍), അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ (30 ലക്ഷത്തിന് മുംബൈയില്‍), ദേവ്ദത്ത് പടിക്കല്‍ (2 കോടിക്ക് ആര്‍സിബിയില്‍) എന്നിവരുടെ തിരിച്ചുവരവും അവസാന നിമിഷങ്ങളിലെ ശ്രദ്ധേയ കാഴ്ച്ചയായി.മലയാളി താരങ്ങളില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് കൂടുതല്‍ വില ലഭിച്ച താരം. സച്ചിന്‍ ബേബി (30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദില്‍), വിഘ്നേഷ് പുത്തൂര്‍ (30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍) എന്നിവരാണ് ടീമില്‍ ഇടം ലഭിച്ച മറ്റു താരങ്ങള്‍.ഓള്‍റൗണ്ടര്‍ അബ്ദുല്‍ ബാസിത്, പേസ് ബോളര്‍ സന്ദീപ് വാരിയര്‍, സല്‍മാന്‍ നിസാര്‍ എന്നീ മലയാളി താരങ്ങളുടെ പേരുകളും ലേലത്തിനു വന്നെങ്കിലും ആരും വാങ്ങിയില്ല.

ആരും വാങ്ങാതെ വാര്‍ണറും ആന്‍ഡേഴ്സണമുള്‍പ്പടെ പ്രമുഖര്‍

ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മുതിര്‍ന്ന താരങ്ങളായ ഡേവിഡ് വാര്‍ണര്‍,ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരെ ആരും വാങ്ങിയില്ല.പ്രായക്കൂടുതലാകാം ഒരു പക്ഷെ താരങ്ങള്‍ക്ക് തിരിച്ചടിയായത്.മോയിന്‍ അലി ഉള്‍പ്പടെ അവസാന നിമിഷം വരെ അണ്‍സോള്‍ഡ് ആയിരുന്നെങ്കിലും ഫൈനല്‍ സ്റ്റേജില്‍ കൊല്‍ക്കത്ത സ്വന്തമാക്കി.ജോണി ബെയര്‍‌സ്റ്റോ,കെയ്ന്‍ വില്യംസണ്‍, ശര്‍ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷാ, മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, അബ്ദുള്‍ ബാസിത് എന്നിവരെ ഏറ്റെടുക്കാനും ആരുമുണ്ടായില്ല.

കൂടാതെ ഇന്ത്യയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സര്‍ഫറാസ് ഖാന്‍,ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സൂപ്പര്‍താരമായി വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വി ഷാ,ഐപിഎലില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന മായങ്ക് അഗര്‍വാള്‍,ഒരുകാലത്ത് വിലയേറിയ ഓള്‍റൗണ്ടറായിരുന്ന ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ആരും വാങ്ങിയില്ല.


Tags:    

Similar News