കൊല്‍ക്കത്ത - ബംഗളൂരു ത്രില്ലര്‍ പോരാട്ടത്തോടെ മാര്‍ച്ച് 22ന് തുടക്കം; 'എല്‍ ക്ലാസിക്കോ' മാര്‍ച്ച് 23ന്; 65 ദിവസങ്ങളിലായി 13 വേദികളില്‍ 74 മത്സരങ്ങള്‍; കലാശപ്പോരാട്ടം മെയ് 25ന് കൊല്‍ക്കത്തയില്‍; ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു

ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു

Update: 2025-02-16 13:23 GMT

മുംബൈ: ഐപിഎല്‍ 2025 സീസണ്‍ മാര്‍ച്ച് 22ന് തുടക്കമാകും. ആദ്യ സീസണിന്റെ ആവര്‍ത്തനമെന്ന പോലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുക. മാര്‍ച്ച് 23ന് ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം നടക്കും. ചെന്നൈയിലാണ് കളി. ഏപ്രില്‍ 20ന് മുംബൈയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.

മാര്‍ച്ച് 23ന് സീസണിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതേ ദിവസം തന്നെ രാത്രിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുന്നത്. മാര്‍ച്ച് 28നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം. ഏപ്രില്‍ ഏഴിന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും വാങ്കഡെ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വരും.

മെയ് 20നാണ് ആദ്യ ക്വാളിഫയര്‍. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലാണ്. രണ്ടാമത്തെ ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ്.

65 ദിവസങ്ങള്‍ നീണ്ട സീസണില്‍ 13 വേദികളിലായി 74 മത്സരങ്ങളാണ് ആകെ നടക്കുക. ചെന്നൈയും ബംഗളൂരുവും തമ്മിലുള്ള ആദ്യ മത്സരം മാര്‍ച്ച് 23ന് ചെപ്പോക്കിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മെയ് മൂന്നിനും ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ബംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഏക മത്സരം ഏപ്രില്‍ ഏഴിന് വാംഖഡെയിലാണ് നടക്കുക.

10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധര്‍മശാല, എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അവരുടെ ഏതാനും ഹോം മത്സരങ്ങള്‍ ഈ വേദികളില്‍ കളിക്കും.

Tags:    

Similar News