ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; തീരുമാനം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍
ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; തീരുമാനം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍
മുംബൈ: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സംഘര്‍ഷ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനത്തെ തുടര്‍ന്ന് ധരംശാലയില്‍ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഐ.പി.എല്‍ 2025 സീസണിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
ധരംശാലയിലുള്ള മുഴുവന്‍ ഐ.പി.എല്‍ താരങ്ങളെയും ടീം സ്റ്റാഫുകളെയും മറ്റും പത്താന്‍കോട്ടില്‍നിന്ന് ട്രെയിനിലാണ് സുരക്ഷിതമായി ഡല്‍ഹിയിലെത്തിച്ചത്. ഐ.പി.എല്ലിലുള്ള വിദേശ താരങ്ങളില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ടീം അധികൃതരോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാച്ച് ഓഫിഷ്യലുകളും ഉള്‍പ്പെടെ നിരവധിപേര്‍ ഐ.പി.എല്ലുമായി സഹകരിക്കുന്നുണ്ട്. 'സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സര്‍ക്കാറില്‍നിന്ന് ഇതുവരെ പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ തീകുമാനമെടുക്കും' -ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറഞ്ഞു.
ടോസ് നേടി ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 10.1 ഓവറില്‍ 122 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം ഉപേക്ഷിക്കുന്നത്. രാത്രി 9.30ന് സ്റ്റേഡിയത്തിലെ ഒരു ഫ്‌ലെഡ് ലൈറ്റ് കണ്ണടച്ചു. പുതിയ ബാറ്ററായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രിസിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പിന്നീട് രണ്ട് ഫ്‌ലെഡ് ലൈറ്റ് ടവറുകളില്‍ കൂടി വൈദ്യുതി നിലച്ചു. മറ്റൊരു ലൈറ്റ് മാത്രം കത്തിനിന്നു.
സാങ്കേതിക കാരണങ്ങളാല്‍ മത്സരം ഉപേക്ഷിച്ചിരിക്കുന്നു എന്നായിരുന്നു 9.40ന് അറിയിപ്പ് ലഭിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളില്‍ ഒന്ന് തകരാറിലായെന്നും സ്റ്റേഡിയത്തില്‍ കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പരിഭ്രാന്തരായ കാണികളെ പിന്നീട് ഒഴിപ്പിക്കുകയായിരുന്നു. താരങ്ങളെയും സുരക്ഷിതമായി ഹോട്ടലുകളില്‍ എത്തിച്ചു.