'സ്കോർ ഉയർത്താൻ ശ്രമിച്ചില്ല, അവസാന ഓവറുകളിൽ ബാറ്റ് ചെയ്തത് കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ'; രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം ജഡേജയുടെ മെല്ലെപ്പോക്ക്; തുറന്നടിച്ച് ഇർഫാൻ പത്താൻ

Update: 2025-12-04 17:38 GMT

റായ്‌പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്കായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 27 പന്തിൽ 24 റൺസെടുത്ത് പുറത്താകാതെ നിന്ന ജഡേജയുടെ പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായെന്ന് പത്താൻ തുറന്നുപറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയാണ് പത്താൻ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

ഇന്ത്യൻ ടീം 300 കടന്നിരിക്കുകയും മറ്റ് ബാറ്റർമാർ 100-ൽ അധികം സ്ട്രൈക്ക് റേറ്റിൽ റൺസ് നേടുകയും ചെയ്തപ്പോൾ, ജഡേജയുടെ 88 സ്ട്രൈക്ക് റേറ്റ് നിരാശാജനകമായിരുന്നു. അവസാന ഓവറുകളിൽ റൺസ് കണ്ടെത്താനുള്ള ത്വര ജഡേജയിൽ കണ്ടില്ലെന്നും, രണ്ടാം ഇന്നിംഗ്‌സിൽ പന്ത് നനയുന്നത് കണക്കിലെടുത്ത് പരമാവധി സ്കോർ ഉയർത്താൻ ജഡേജ ശ്രമിക്കേണ്ടിയിരുന്നുവെന്നും പത്താൻ ചൂണ്ടിക്കാട്ടി. കമന്ററി ബോക്സിലിരിക്കുമ്പോൾ തന്നെ ജഡേജയുടെ ഈ മെല്ലെപ്പോക്ക് ഇന്ത്യക്ക് വിനയാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും പത്താൻ പറഞ്ഞു.

മത്സരത്തിൽ റുതുരാജ് ഗെയ്‌ക്‌വാദും വിരാട് കോലിയും സെഞ്ചുറി നേടുകയും കെ എൽ രാഹുൽ അർദ്ധസെഞ്ചുറി നേടുകയും ചെയ്തതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെച്ചിരുന്നു. എന്നാൽ 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടി ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. ബാറ്റിംഗിൽ ഒരു സിക്സ് പോലും നേടാൻ ജഡേജക്ക് കഴിഞ്ഞിരുന്നില്ല. ബൗളിംഗിൽ ഏഴ് ഓവറിൽ വിക്കറ്റുകളൊന്നും വീഴ്ത്താനും അദ്ദേഹത്തിന് സാധിച്ചില്ല.

Tags:    

Similar News