'സ്മൃതിക്ക് ടീമിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്'; അത് ചെയ്തിതില്ലെങ്കിൽ ഇനിയൊരിക്കലും മിണ്ടില്ലെന്ന് ഹർമൻപ്രീതിനെ ഭീഷണിപ്പെടുത്തി; വെളിപ്പെടത്തലുമായി ജെമീമ റോഡ്രിഗസ്
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങുംമുമ്പ് നടത്തിയ ഭാംഗ്ര നൃത്തച്ചുവടുകൾ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നെന്ന് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. നൃത്തം ചെയ്തില്ലെങ്കിൽ ഹർമൻപ്രീതിനോട് പിന്നീട് മിണ്ടില്ലെന്ന് സ്മൃതി 'ഭീഷണിപ്പെടുത്തിയതായും' ജെമീമ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ പറഞ്ഞു.
ഐ.സി.സി. ചെയർമാൻ ജയ് ഷായിൽ നിന്ന് ലോകകപ്പ് ട്രോഫി സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴാണ് ഹർമൻപ്രീത് പഞ്ചാബി നൃത്തരൂപമായ ഭാംഗ്രയുടെ ചുവടുകൾ വെച്ചത്. ഇന്ത്യൻ ടീമിന്റെ ഈ വിജയാഘോഷം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ടീമിൽ സ്മൃതി മന്ദാനയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെയാണ് ജെമീമയുടെ വെളിപ്പെടുത്തൽ.
യുവതാരങ്ങളിൽനിന്ന് ഹർമൻപ്രീത് അപൂർവമായി മാത്രമേ നിർദേശങ്ങൾ സ്വീകരിക്കാറുള്ളൂവെന്ന് തമാശരൂപേണ പറഞ്ഞ ജെമീമ, സ്മൃതിക്ക് ടീമിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും കൂട്ടിച്ചേർത്തു. ട്രോഫി സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് ഭാംഗ്ര കളിക്കാനുള്ള ഹർമൻപ്രീതിന്റെ തീരുമാനം സ്മൃതിയുടെ നിർദേശത്തെ തുടർന്നായിരുന്നു. താനും ഹർലീൻ ഡിയോളും ചേർന്നാണ് ആ നൃത്തം ആസൂത്രണം ചെയ്തതെന്ന് ഹർമൻപ്രീത് പറഞ്ഞപ്പോഴാണ് സ്മൃതിയുടെ ഈ 'ഭീഷണിയെ'ക്കുറിച്ച് ജെമീമ തുറന്നുപറഞ്ഞത്.