'ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി'; ജയിക്കേണ്ടിയിരുന്ന മത്സരം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത് തെറ്റായ ആ തീരുമാനം; കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍; ഇന്ത്യന്‍ വിജയത്തില്‍ വിവാദമായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തെ അറിയാം
'ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി';
പുണെ: ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ 15 റണ്‍സിന്റെ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും മത്സരത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ വിജയത്തിന്റെ തന്നെ ശോഭ കെടുത്തിയിരിക്കുകയാണ്. മത്സരത്തിന് തൊട്ട് പിന്നാലെ തന്നെ വിവാദം ഉടലെടുത്തെങ്കിലും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ പരസ്യമായി രംഗത്ത് വന്നതോടെ സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരത്തില്‍ നിര്‍ണ്ണായകമായ ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഉപയോഗിച്ച ഹര്‍ഷിത് റാണയുടെ ബൗളിങ്ങായിരുന്നു. റാണയെ ഇറക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് തീരുമാനം തന്നെയാണ് വിവാദമായതും.
ഇന്ത്യയുടെ ബാറ്റങ്ങിലെ അവസാന ഒവറില്‍ പന്ത് ഹെല്‍മറ്റിലിടിച്ചതോടെ ഇന്ത്യയ്ക്കായി ദുബെ ഫീല്‍ഡ് ചെയ്തില്ല. പകരം ഹര്‍ഷിത് റാണയെ ഇറക്കിയ ഇന്ത്യഒരു പേസറുടെ അധിക ആനുകൂല്യവും നേടി.ഹര്‍ഷിതിന്റെ ടി20 അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മൂന്നു വിക്കറ്റുമായി ഹര്‍ഷിത് തിളങ്ങുകയും ചെയ്തതോടെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ശിവം ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറായ ബൗളറാണ്. ദുബെയുടെ ബൗളിങ് വലിയ നിലവാരം പുലര്‍ത്തുന്നതല്ല. അതിനാല്‍ ഇന്ത്യ ദുബെക്ക് പകരക്കാരനായി കളിപ്പിക്കേണ്ടത് രമണ്‍ദീപ് സിങ്ങിനെയാണ്. എന്നാല്‍ ഇന്ത്യ ബുദ്ധിപരമായി ഹര്‍ഷിത് റാണയെ ഉപയോഗിച്ചു. ഇന്ത്യയുടെ ഈ തീരുമാനം അപ്പോള്‍ത്തന്നെ ഇംഗ്ലണ്ട് ചോദ്യം ചെയ്തിരുന്നു.
ഹര്‍ഷിത് ഇന്ത്യയുടെ മാച്ച് വിന്നറായതിന് പിന്നാലെയാണ് വിമര്‍ശനം കടുപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ പരസ്യമായി തന്നെ രംഗത്തെത്തിയത്.ദുബെക്ക് അതേ രീതിയിലുള്ള പകരക്കാരനല്ല ഹര്‍ഷിത് റാണ ഞങ്ങള്‍ ഇത് അംഗീകരിക്കില്ല.ദുബെ ഇത്രയും വേഗത്തില്‍ പന്തെറിയുമോ അതോ ഹര്‍ഷിത് ദുബെയെപ്പോലെ ബാറ്റ് ചെയ്യുമോ.ഞങ്ങള്‍ ഈ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് അറിയിക്കുകയാണ്' എന്നാണ് മത്സരശേഷം ബട്‌ലര്‍ പറഞ്ഞത്.'ഒരേ പോലുള്ള കളിക്കാരനെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനായി ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഇത് അങ്ങനെയല്ല.ഞങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല.ഒന്നുകില്‍ ശിവം ദുബെ ബൗളിങ്ങില്‍ 25 മൈല്‍ വേഗം കൂടി ആര്‍ജിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ ഹര്‍ഷിത് റാണയുടെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടാകണം. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. ഞങ്ങള്‍ ജയിക്കേണ്ടിയിരുന്ന മത്സരമാണ്. എന്തായാലും ഈ തീരുമാനത്തോട് ഞങ്ങള്‍ വിയോജിക്കുന്നു'' - ബട്ട്‌ലര്‍ പറഞ്ഞു.
കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് അനുവദിക്കുന്ന സമയത്ത് തങ്ങളുടെ അഭിപ്രായം തേടിയിരുന്നില്ലെന്നും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഫീല്‍ഡില്‍ ഹര്‍ഷിത് റാണയെ കണ്ട് ആര്‍ക്കു പകരമാണ് ഇദ്ദേഹം ഇറങ്ങിയതെന്ന് താന്‍ ആലോചിക്കുകയും ചെയ്തതായി ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ഹര്‍ഷിത് ഇറങ്ങിയതെന്ന് അറിയുന്നതു തന്നെ അപ്പോഴാണ്. ഇതിനോട് യോജിക്കാനാകില്ലെന്നും ഒരുപോലെയുള്ള കളിക്കാരല്ല ഇരുവരുമെന്നും ബട്ട്‌ലര്‍ വ്യക്തമാക്കി.
കണ്‍കഷന്‍ നിയമം പറയുന്നത്
2016 സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ഐ.സി.സിയുടെ അനുമതിയോടെ ആദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം പരീക്ഷിക്കുന്നത്.പിന്നാലെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലും നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.ഇതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.സി.സി ഈ നിയമം കൊണ്ടു വരികയായിരുന്നു.പന്ത് ഹെല്‍മറ്റില്‍ കൊണ്ട് ഓസീസിന്റെ മുന്‍ താരം ഫില്‍ ഹ്യൂസ് മരണപ്പെട്ടതോടെ കളിക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് ഐ.സി.സി നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
2019 ആഗസ്റ്റ് ഒന്നു മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തില്‍ അതാത് മല്‍സരം നിയന്ത്രക്കുന്ന മാച്ച് റഫറിക്കാണ് പരാമധികാരമെന്നു പറയാം.കാരണം മാച്ച് റഫറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഒരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിന് അനുവാദമുള്ളൂ.മാത്രമല്ല പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബൗളിങ്, ബാറ്റിങ് എന്നിവ ചെയ്യണമെങ്കിലും മാച്ച് റഫറിയുടെ അനുമതി വേണം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഈ നിയമം പരീക്ഷിച്ചത് ഓസ്‌ട്രേലിയയാണ്.ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്.അന്ന് പരുക്കേറ്റ് വീണ സ്റ്റീവ് സ്മിത്തിനു പകരം മാര്‍നസ് ലബ്യുഷെയ്ന്‍ ക്രീസിലെത്തുകയായിരുന്നു.കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പരിക്കേറ്റ ഒരു താരത്തിന് പകരക്കാരനായി കളിക്കേണ്ടത് അതേ മികവുള്ള താരത്തെയാണ്. ഓള്‍റൗണ്ടര്‍ക്ക് പരിക്കേറ്റാല്‍ ഓള്‍റൗണ്ടറെ തന്നെ പകരക്കാരനായി കളിപ്പിക്കണം.ഐസിസി റൂളിന്റെ ക്ലോസ് 1.2.7.3.4 പറയുന്നത്,പകരക്കാരനായ കളിക്കാരന്‍ പരിക്കേറ്റ കളിക്കാരന് സമാനമായ മികവുള്ള ആളായിരിക്കണം എന്നാണ്.
അങ്ങിനെ നോക്കുമ്പോള്‍ ദുബെക്ക് പരിക്കേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ പകരക്കാരനായി കളിപ്പിക്കേണ്ടത് അതേ മികവുള്ള ഓള്‍റൗണ്ടറെയാണ്.ഹര്‍ഷിത് റാണ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ്.എന്നാല്‍ ഓള്‍റൗണ്ടറാണെന്ന് പറയാനാവില്ല.അവിടെ രാമന്‍ദീപ് സിംഗ് പകരക്കാരുടെ ബഞ്ചില്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് ഹര്‍ഷിത് എത്തിയത് എന്നാണ് ക്രിക്കറ്റ് വിദഗ്ധരില്‍ ചിലര്‍ ചോദിക്കുന്നത്.ഹര്‍ഷിത് മൂന്ന് വിക്കറ്റ് എടുത്ത സാഹചര്യത്തില്‍ ശിവം ദുബെയെപ്പോലുള്ള ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്ക് പകരക്കാരന്‍ രമണ്‍ദീപ് സിംഗ് ആണെന്നാണ് താന്‍ കരുതുന്നതെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
2020-ല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ മറ്റൊരു ടി20 ഐ മത്സരത്തില്‍ ഇന്ത്യ ഇതുപോലെ ഒരു വിവാദം സൃഷ്ടിച്ചിരുന്നു.3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയില്‍ യുസ്വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ പകരക്കാരനായി ഇറക്കിയായിരുന്നു അത്. അന്ന് ജഡേജക്ക് തലക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ചഹാല്‍ ഇറങ്ങിയത്. താരം മൂന്ന് വിക്കറ്റുകള്‍ നേടി ഓസ്‌ട്രേലിയയെ പരാജയത്തിലേക്ക് തള്ളിയിട്ടതോടെ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആയിരുന്ന ജസ്റ്റിന്‍ ലാംഗര്‍ അടക്കം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
വിവാദത്തിലേക്ക് നയിച്ചത് സംഭവം ഇങ്ങനെ
ബാറ്റ് ചെയ്യുന്നതിനിടെ ജാമി ഓവര്‍ടണിന്റെ ബൗണ്‍സര്‍ ശിവം ദുബെയുടെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു.എതിര്‍ ടീം കാരണം എന്തെങ്കിലും പരുക്ക് പറ്റിയാല്‍ പകരം മറ്റൊരു താരത്തെ ഗ്രൗണ്ടില്‍ ഇറക്കാന്‍ അനുവദിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം. ഓവര്‍ടണിന്റെ ബൗണ്‍സര്‍ കൊണ്ട ശേഷം ദുബെ ബാറ്റിങ് തുടര്‍ന്നെങ്കിലും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയില്ല. ഇംഗ്ലണ്ട് താരം കാരണം പരുക്ക് പറ്റിയതിനാല്‍ ദുബെയ്ക്ക് പകരം മറ്റൊരു താരത്തെ ഇറക്കാന്‍ ഇന്ത്യക്ക് സാധ്യത തെളിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ 10 ഓവറിനു ശേഷം ഹര്‍ഷിത് റാണ ഇന്ത്യക്കായി കളത്തിലിറങ്ങി.ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 12-ാം ഓവര്‍ എറിഞ്ഞത് റാണയാണ്. ആദ്യ ഓവറില്‍ തന്നെ ലിയാം ലിവിങ്സ്റ്റണിനെ പുറത്താക്കി റാണ ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു
ഇന്ത്യക്ക് അനുകൂലമായത് എന്ത്.. തീരുമാനം വന്ന വഴി
'പകരത്തിനു പകരം' മാനദണ്ഡം പാലിക്കപ്പെടാതെ ഇന്ത്യക്ക് ഹര്‍ഷിത് റാണയെ സബ് ആയി ഇറക്കാന്‍ സാധിച്ചത് എന്തുകൊണ്ടാകും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമാകുന്നത്.കണ്‍കഷന്‍ സബ് നിയമത്തിലെ 1.2.7.4 ക്ലോസ് പ്രകാരം നോമിനേറ്റ് ചെയ്യപ്പെടുന്ന കണ്‍കഷന്‍ സബ് കളിക്കാരന്‍ ശേഷിക്കുന്ന മത്സരത്തില്‍ കണ്‍കസഡ് പ്ലെയര്‍ (ഇവിടെ ദുബെ) നിര്‍വഹിക്കാന്‍ സാധ്യതയുള്ള ഉത്തരവാദിത്തം ചെയ്യാന്‍ സാധിക്കുന്ന ആളായിരിക്കണം. ഇത് തീരുമാനിക്കാനുള്ള അധികാരം ഐസിസി മാച്ച് റഫറിക്കുണ്ട്.ഇന്ത്യയുടെ മുന്‍താരം കൂടിയായ ജവഗല്‍ ശ്രിനാഥ് ആയിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ മാച്ച് റഫറി.
ശേഷിക്കുന്ന മത്സരത്തില്‍ ദുബെയ്ക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കായി ബൗള്‍ ചെയ്യുകയും ഫീല്‍ഡ് ചെയ്യുകയുമാണ്. ഇത് രണ്ടും സാധ്യമാകുന്ന താരമാണ് ഹര്‍ഷിത് റാണ എന്ന വിലയിരുത്തലാണ് പൂണെ ട്വന്റി 20 യിലെ കണ്‍കഷന്‍ സബ് തീരുമാനത്തിനു പിന്നില്‍. കണ്‍കഷന്‍ സബ് നിയമത്തിലെ ഈ പഴുതാണ് ഇന്ത്യക്ക് ഗുണം ചെയ്തത്.അപ്പോഴും പാര്‍ട് ടൈം ബൗളറായ ശിവം ദുബെയ്ക്ക് പകരക്കാരനെന്ന നിലയില്‍ പ്രോപ്പര്‍ പേസറായ ഹര്‍ഷിത് റാണ വന്നത് പൂര്‍ണമായി നീതികരിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് വാസ്തവം.