കുട്ടിക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം; കിവിപ്പടയെ നയിച്ചത് 75 മത്സരങ്ങളിൽ; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

Update: 2025-11-02 04:39 GMT

വെല്ലിങ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എന്നാൽ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ട്വന്റി 20 ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് വില്യംസണിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. വില്യംസന്റെ കീഴിലാണ് 2021 ൽ ടീം ടി20 ലോകകപ്പ് ഫൈനലിലെത്തിയത്. 2016 ലും 2022 ലും ടീമിനെ സെമിഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ടി20യിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി 35 കാരനായ വില്യംസൺ. 2575 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഇതിൽ 18 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2011-ൽ ട്വന്റി 20 മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച താരം 75 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. വില്യംസന്റെ നേതൃത്വത്തിൽ ന്യൂസിലൻഡ് 2021-ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലും 2016, 2022 വർഷങ്ങളിലെ സെമി ഫൈനലുകളിലും എത്തി.

അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെയാണ് വില്യംസൺ വൈറ്റ് ബോൾ ക്യാപ്റ്റൻസി മിച്ചൽ സാന്റ്നർക്ക് കൈമാറിയത്. "ഈ ഫോർമാറ്റിൽ ഏറെക്കാലം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. കളിച്ച ഓർമ്മകൾക്കും അനുഭവങ്ങൾക്കും ഞാൻ എന്നും കടപ്പെട്ടിരിക്കും," വില്യംസൺ പറഞ്ഞു. ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നും ടി20 ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമായിരിക്കുമെന്നും വില്യംസൺ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്ന വില്യംസൺ, പിന്നീട് ഫ്രാഞ്ചൈസി ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളും നഷ്ടമായിരുന്നു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Tags:    

Similar News