തകർച്ചയിൽ നിന്ന് കരകയറ്റിയത് മൂന്നാം വിക്കറ്റിലെ 123 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ കരുൺ നായർക്ക് സെഞ്ചുറി; ശ്രീജിത്തിനും സ്മരനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ കർണാടക മികച്ച നിലയിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി കർണാടക. ഒടുവിൽ വിവരം കിട്ടുമ്പോൾ 238/3 എന്ന നിലയിലാണ് കർണാടക. 163 പത്തിൽ 101 റൺസുമായി കരുൺ നായരും, 73 പന്തിൽ 50 റൺസുമായി സ്മരണുമാണ് ക്രീസിൽ. 13 റൺസെടുക്കന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ കർണാടകയെ കരുൺ നായരും, ശ്രീജിത്തും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 123 റൺസാണ് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കർണാടകക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെയും (5) തുടർന്ന് കെ.വി. അനീഷിനെയും (8) വിക്കറ്റിന് പുറത്താക്കി എം.ഡി. നിധീഷും എൻ.പി. ബേസിലും കേരളത്തിന് മികച്ച തുടക്കം നൽകി. തുടർന്ന് മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ശ്രീജിത്തും കരുൺ നായരുമാണ് കർണാടകയെ മുന്നോട്ട് നയിച്ചു. 136 റൺസിൽ നിൽക്കെ കർണാടകത്തിന് ശ്രീജിത്തിന്റെ വിക്കറ്റ് നഷ്ടമായി. 110 പന്തിൽ 65 റൺസാണ് ശ്രീജിത്ത് നേടിയത്. അപരാജിതിനായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ സ്മരണുമായി ചേർന്ന് കരുൺ ടീമിനെ 200 കടത്തി.
തിരുവനന്തപുരത്തെ കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മാറ്റങ്ങളോടെയാണ് കേരളം കളത്തിലിറങ്ങിയത്. കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ എന്നിവർ കേരള ടീമിൽ തിരിച്ചെത്തി. അതേസമയം, മഹാരാഷ്ട്രയ്ക്കും പഞ്ചാബിനുമെതിരായ കഴിഞ്ഞ മത്സരങ്ങളിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളത്തിന് സമനില നേടാനേ കഴിഞ്ഞിട്ടുള്ളൂ. നിലവിൽ എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഏഴാം സ്ഥാനത്താണ് കേരളം.
കേരളം പ്ലേയിംഗ് ഇലവൻ: നെടുമൺകുഴി ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (w/c), ബാബ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, ഹരികൃഷ്ണൻ എം യു, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (സി), അനീഷ് കെ.വി, കൃഷ്ണൻ ശ്രീജിത്ത് (ഡബ്ല്യു), കരുണ് നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.
