ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും; കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കെസിഎ; അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തും; രഞ്ജിയിലെ വീരോചിത യാത്ര പൂര്‍ത്തിയാക്കി സച്ചിനും സംഘവും നാട്ടിലേക്ക്

കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കെസിഎ

Update: 2025-03-02 13:58 GMT

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). നാളെ രാത്രിയാണ് കെസിഎ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തില്‍ ടീം കേരളത്തിലെത്തുക. അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്.കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള ടീമിനെ നാട്ടിലേക്ക് കൊണ്ടുവരിക. ഇതിനായി ഇരുവരും നാഗ്പുരിലെത്തി.

കെസിഎ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തിലാണ് കേരള ടീം ഫൈനല്‍ കളിച്ച നാഗ്പുരില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തുക. എയര്‍ എംബ്രെയര്‍ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി 9.30ന് കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ടീമംഗങ്ങളെ കെസിഎ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ട്രോഫിയുമായി കെസിഎ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും. ഹോട്ടല്‍ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം 6ന് ഹയാത്തില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കായികമന്ത്രി അബ്ദുറഹിമാന്‍, മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, പി.രാജീവ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരും പങ്കെടുക്കും.

നാഗ്പുരില്‍ നടന്ന കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെ, ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് കേരളത്തെ മറികടന്ന് വിദര്‍ഭ കിരീടം ചൂടിയത്. അവസാന ദിനം രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റുകള്‍ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റില്‍ വിദര്‍ഭയുടെ പ്രതിരോധം ഒരിക്കല്‍ക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. വിദര്‍ഭയുടെ ഡാനിഷ് മലേവര്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായും ഹര്‍ഷ് ദുബെ പ്ലെയര്‍ ഓഫ് ദ് സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342.

അണ്ടര്‍-14 , അണ്ടര്‍- 16 ടീമിനെ നേരത്തെ കേരള ക്രിക്കറ്റ് അസോസിയെഷന്‍ നാഗ്പൂരില്‍ ഫൈനല്‍ കാണാന്‍ എത്തിച്ചിരുന്നത് ദേശീയതലത്തില്‍ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു.

Tags:    

Similar News