കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിള്‍സിന് അടിതെറ്റി; കേരള ക്രിക്കറ്റ് ലീഗില്‍ 110 റൺസിന്റെ കൂറ്റൻ വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; ബാറ്റിംഗിൽ തിളങ്ങി കൃഷ്ണ പ്രസാദും വിഷ്ണു രാജും; അഭിജിത്ത് പ്രവീണ് നാല് വിക്കറ്റ്

Update: 2025-09-03 13:45 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് വമ്പന്‍ ജയം. അവസാന ലീഗ് മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ 110 റണ്‍സിനാണ് റോയല്‍സ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 17 ഓവറില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. നാല് ഓവറില്‍ 18 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അഭിജിത്ത് പ്രവീണാണ് ആലപ്പി റിപ്പിള്‍സിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കിയത്. അനുരാജ് മൂന്ന് ഓവറില്‍ 12 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.

209 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിയുടെ ബാറ്റിംഗ് നിഗ്ര തകർന്നടിയുകയായിരുന്നു. ഓപ്പണര്‍ ആകര്‍ഷിനൊഴികെ മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. 43 പന്തുകള്‍ നേരിട്ട ആകര്‍ഷ് രണ്ട് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജലജ് സക്‌സേന (5), അഭിഷേക് പി. നായര്‍ (0), അക്ഷയ് ടി.കെ (0), മുഹമ്മദ് കൈഫ് (1), അര്‍ജുന്‍ സുരേഷ് (6) എന്നിവരെല്ലാം നിലയുറപ്പിക്കുന്നതിന് മുൻപേ പവലിയനിലെത്തി. ആകര്‍ഷും അരുണും (15), ശ്രീഹരി എസ്. നായരും (10) മാത്രമാണ് ആലപ്പി നിരയില്‍ രണ്ടക്കം കണ്ടവര്‍.

നേരത്തേ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് (52 പന്തില്‍ 90), വിഷ്ണു രാജ് (46 പന്തില്‍ 60) എന്നിവരുടെ മികവിലാണ് റോയല്‍സ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ആദ്യ വിക്കറ്റിൽ 154 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. കൃഷ്ണ പ്രസാദ് അഞ്ചു സിക്‌സും ആറ് ഫോറും അടിച്ചെടുത്തപ്പോൾ രണ്ട് സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വിഷ്ണു രാജിന്റെ ഇന്നിങ്‌സ്. 12 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സഞ്ജീവ് സതീശന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് റോയല്‍സ് ഇന്നിങ്‌സ് 200 കടത്തിയത്. റോയല്‍സ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു.

Tags:    

Similar News