അപരാജിത സെഞ്ചുറിയുമായി കുമാർ കുഷാഗ്ര; ഫിഫ്‌റ്റിയടിച്ച് അനുകൂല റോയ്; വിജയ് ഹസാരെയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റൺസ് വിജയലക്ഷ്യം; എം.ഡി നിധീഷിന് നാല് വിക്കറ്റ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻ്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റൺസിന്റെ വിജയ ലക്ഷ്യം. നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡിനെ, 137 പന്തിൽ 143 റൺസെടുത്ത് പുറത്താകാതെ നിന്ന കുമാർ കുഷാഗ്രയുടെ തകർപ്പൻ സെഞ്ചുറിയാണ് മികച്ച നിലയിലെത്തിച്ചത്. 72 പന്തിൽ 72 റൺസ് നേടിയ അനുകൂല റോയ് കുശാഗ്രയ്ക്ക് മികച്ച പിന്തുണ നൽകി. കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റുകൾ നേടി.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇഷാൻ കിഷനിൽ നിന്ന് വലിയൊരു ഇന്നിംഗ്‌സ് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒരു ഫോറും ഒരു സിക്‌സും അടക്കം 21 പന്തിൽ 21 റൺസെടുത്ത താരത്തെ ബാബാ അപരാജിത് തൻ്റെ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ജാർഖണ്ഡിന് പിഴച്ചു. അഞ്ചാം ഓവറിൽ ആറ് റൺസെടുത്ത ഉത്കർഷ് സിംഗിനെ എം.ഡി നിധീഷും, പിന്നാലെ 13 റൺസെടുത്ത ശിഖർ മോഹനെ ഏദൻ ആപ്പിൾ ടോമിയും പുറത്താക്കി. മികച്ച ഫോമിലായിരുന്ന വിരാട് സിംഗും (15) ബാബാ അപരാജിതിന് മുന്നിൽ വീണതോടെ ജാർഖണ്ഡ് 65-3 എന്ന നിലയിൽ തകർന്നു.
ഇഷാൻ കിഷനും കുമാർ കുഷാഗ്രയും ചേർന്ന് ടീമിനെ 100 കടത്തിയെങ്കിലും, 111-ൽ നിൽക്കെ കിഷനെയും അപരാജിത് പുറത്താക്കിയതോടെ ജാർഖണ്ഡ് വീണ്ടും പ്രതിരോധത്തിലായി. എന്നാൽ, അഞ്ചാം വിക്കറ്റിൽ അനുകൂൽ റോയിയെ കൂട്ടുപിടിച്ച് കുമാർ കുഷാഗ്ര സെഞ്ചുറി കൂട്ടുകെട്ടുയർത്തി ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുകയായിരുന്നു. ക്യാപ്റ്റൻ ഇഷാൻ കിഷൻ 21 പന്തിൽ 21 റൺസെടുത്ത് നേരത്തെ പുറത്തായത് ആരാധകർക്ക് നിരാശ നൽകി.
എലൈറ്റ് ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ട് ജയവും രണ്ട് തോൽവിയുമായി കേരളം നാലാം സ്ഥാനത്താണ്. നാല് കളികളിൽ മൂന്ന് ജയവും ഒരു തോൽവിയുമായി 12 പോയിൻ്റുള്ള ജാർഖണ്ഡ് മൂന്നാം സ്ഥാനത്തും. നാല് കളികളും ജയിച്ച മധ്യപ്രദേശും കർണാടകയുമാണ് പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.