രഞ്ജി ട്രോഫിയിൽ വിജയം തേടി കേരളം; എതിരാളികൾ ജയ്ദേവ് ഉനദ്കട്ട് നയിക്കുന്ന സൗരാഷ്ട്ര; നിര്‍ണായക മത്സരത്തിൽ ടീമിൽ മാറ്റം

Update: 2025-11-07 12:32 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കേരളത്തിന് നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ കർണാടകയോട് ഇന്നിങ്‌സ് തോൽവി വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. മൂന്ന് കളികളും സമനിലയിൽ പിരിഞ്ഞ സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്റാണുള്ളത്.

സൗരാഷ്‌ട്രയ്‌ക്കെതിരായ മത്സരത്തിനായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി.കെ. നായിഡു ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച വരുൺ നായനാർ, ആകർഷൻ എ. കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെസിഎല്ലിൽ മികവ് തെളിയിച്ച സിബിൻ പി. ഗിരീഷും പുതുതായി ടീമിലെത്തി. മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കട്ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുന്നത്.

കേരള ടീം: മുഹമ്മദ് അസറുദ്ദീൻ, ബാബ അപരാജിത്, രോഹൻ എസ്. കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷൻ എ. കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി. നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ്മ, ഹരികൃഷ്ണൻ എം.യു., നിധീഷ് എം.ഡി., ബേസിൽ എൻ.പി., ഏദൻ ആപ്പിൾ ടോം, സിബിൻ പി. ഗിരീഷ്.

Tags:    

Similar News