മിന്നും സെഞ്ചുറിയോടെ 'വന്‍മതിലായി' കരുണ്‍ നായര്‍; മാലേവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച ലീഡിലേക്ക് വിദര്‍ഭ; കിരീട പ്രതീക്ഷ കൈവിട്ട് കേരളം
കരുണ്‍ നായര്‍ക്ക് സെഞ്ചുറി; വിദര്‍ഭ മികച്ച ലീഡിലേക്ക്
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാം ഇന്നിങ്സില്‍ കേരളത്തിനെതിരേ വിദര്‍ഭ മികച്ച സ്‌കോറിലേക്ക്. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അവര്‍ക്കിപ്പോള്‍ 226 റണ്‍സ് ലീഡായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി 'വന്‍മതില്‍' തീര്‍ത്ത മലയാളി താരം കരുണ്‍ നായരുടെ പ്രകടനമാണ് വിദര്‍ഭയ്ക്ക് തുണയായത്.
ഒരു ഘട്ടത്തില്‍ രണ്ടിന് ഏഴു റണ്‍സെന്ന നിലയില്‍ പതറിയ വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സിലെന്ന പോലെ ഒന്നിച്ച മാലേവര്‍ - കരുണ്‍ നായര്‍ സഖ്യമാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിദര്‍ഭയെ മത്സരത്തില്‍ പിടിമുറുക്കാന്‍ സഹായിച്ചത്. ഒടുവില്‍ 60-ാം ഓവറില്‍ മാലേവറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
162 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 73 റണ്‍സെടുത്താണ് മാലേവര്‍ പുറത്തായത്. സെഞ്ചുറിയുമായി (100*) കരുണ്‍ നായരും യാഷ് റാത്തോഡുമാണ് (0*) ക്രീസില്‍. നേരത്തേ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിദര്‍ഭയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കേരളം നന്നായി തുടങ്ങിയിരുന്നു. പാര്‍ഥ് രേഖാഡെ (1), ധ്രുവ് ഷോറെ (5) എന്നിവരാണ് പുറത്തായത്.
ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയുടെ കുറ്റി തെറിപ്പിച്ച് ജലജ് സക്സേനയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നാം ഓവറില്‍ ഷോറെയെ നിധീഷ്, അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. വിദര്‍ഭ പ്രതിരോധത്തിലായെന്ന ഘട്ടത്തില്‍ പക്ഷേ മാലേവര്‍ - കരുണ്‍ സഖ്യം രക്ഷയ്‌ക്കെത്തി. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 31-ല്‍ നില്‍ക്കേ കരുണിനെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ കൈവിട്ടതും കേരളത്തിന് തിരിച്ചടിയായി.
വിദര്‍ഭയോട് ഒന്നാം ഇന്നിങ്സില്‍ കേരളം 37 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 റണ്‍സ് പിന്തുടര്‍ന്ന കേരളം 342-ന് പുറത്തായി. മൂന്നിന് 131 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 235 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ആയുള്ളൂ.
സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാമ്പ്യന്‍മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.