ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്

Update: 2025-11-01 12:01 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടക മികച്ച സ്കോറിലേക്ക്. കരുൺ നായരുടെ തകർപ്പൻ സെഞ്ചുറിയുടെയും സ്മരണ്‍ രവിചന്ദ്രന്റെ അർധ സെഞ്ചുറിയുടെയും പിൻബലത്തിൽ കർണാടക ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന ശക്തമായ നിലയിലാണ്. 142 റൺസോടെ കരുൺ നായരും 88 റൺസുമായി സ്മരണ്‍ രവിചന്ദ്രനും ക്രീസിലുണ്ട്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കർണാടക 13-2 എന്ന നിലയിൽ പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ചാണ് കർണാടക ഈ നിലയിലെത്തിയത്. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (5) എം.ഡി. നിധീഷ് പുറത്താക്കിയപ്പോൾ കേരളത്തിന് പ്രതീക്ഷ നൽകി. പിന്നാലെ കെ.വി. അനീഷിനെയും (8) നിധീഷ് വീഴ്ത്തി. തുടർന്ന് മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ശ്രീജിത്തും കരുൺ നായരുമാണ് കർണാടകയെ മുന്നോട്ട് നയിച്ചു. 136 റൺസിൽ നിൽക്കെ കർണാടകത്തിന് ശ്രീജിത്തിന്റെ വിക്കറ്റ് നഷ്ടമായി. 110 പന്തിൽ 65 റൺസാണ് ശ്രീജിത്ത് നേടിയത്. അപരാജിതിനായിരുന്നു വിക്കറ്റ്.

പിന്നീട് സ്മരണ്‍ രവിചന്ദ്രനൊപ്പം കരുൺ നായർ 183 റൺസിന്റെ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ പ്രതീക്ഷകൾ തകർത്തു. ഇത് കരുൺ നായരുടെ 26-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ്. 161 പന്തുകളിൽ നിന്ന് സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയ കരുൺ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ പുറത്താകാതെ 174 റൺസെടുത്ത കരുൺ, ആദ്യ മത്സരത്തിൽ സൗരാഷ്ട്രക്കെതിരെ അർധ സെഞ്ചുറിയും നേടിയിരുന്നു.

കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കായി കരുൺ നേടിയ സെഞ്ചുറി കേരളത്തിന്റെ കിരീട മോഹങ്ങൾ തകർത്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഫോം കണ്ടെത്താൻ കഴിയാതിരുന്ന കരുണിനെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

Tags:    

Similar News