വിയർത്ത് കേരള ബൗളർമാർ; ഇരട്ട സെഞ്ചുറിയുമായി കരുൺ നായർ; സെഞ്ചുറിയുമായി നിലയുറപ്പിച്ച് സ്മരൺ രവിചന്ദ്രൻ; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടക കൂറ്റൻ സ്കോറിലേക്ക്

Update: 2025-11-02 07:56 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കരുൺ നായർക്ക് ഇരട്ട സെഞ്ചുറി. 22 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു കരുൺ ഇരട്ട സെഞ്ചുറിയിലെത്തിയത്. സെഞ്ചുറിയുമായി സ്മരൺ രവിചന്ദ്രനും പിന്തുണ നൽകിയതോടെ കർണാടക മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കരുണും സ്മരണും ചേര്‍ന്ന് ഇതുവരെ 297 റണ്‍സടിച്ചിട്ടുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ 433/3 എന്ന നിലയിലാണ് കർണാടക. 358 പന്തിൽ 200 റൺസുമായി കരുൺ നായരും 264 പന്തിൽ 139 റൺസുമായി സ്മരൺ രവിചന്ദ്രനുമാണ് ക്രീസിൽ. .

രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 319 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കർണാടക, ലഞ്ചിന് മുമ്പ് കരുതലോടെ കളിച്ചെങ്കിലും 90 റൺസ് കൂടി ചേർത്തു. മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കർണാടകയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (5) എം.ഡി. നിധീഷ് വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ, തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ കെ.വി. അനീഷിനെയും (8) പുറത്തായി. ഇതോടെ കർണാടക 13-2 എന്ന നിലയിൽ പതറി.

തുടക്കത്തിലെ ഈ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച കർണാടക, മൂന്നാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. അർധസെഞ്ചുറി നേടിയ ശ്രീജിത്തിനെ പുറത്താക്കിയെങ്കിലും, സ്മരൺ രവിചന്ദ്രനൊപ്പം കരുൺ നായർ ക്രീസിൽ ഉറച്ചുനിന്നതോടെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

കേരളത്തിനെതിരെ കരുൺ നായർ കുറിച്ചത് അദ്ദേഹത്തിന്റെ 26-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ്. 161 പന്തിൽ സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയ കരുൺ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. കഴിഞ്ഞ മത്സരത്തിൽ ഗോവയ്ക്കെതിരെ പുറത്താകാതെ 174 റൺസെടുത്ത കരുൺ, സൗരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ അർധസെഞ്ചുറിയും നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കായി കരുൺ നേടിയ സെഞ്ചുറി കേരളത്തിന്റെ കന്നി കിരീട മോഹങ്ങൾ തകർത്തിരുന്നു.

Tags:    

Similar News