സിക്സറടിച്ച് റെക്കോര്‍ഡിട്ട് കെയ്റോൺ പൊള്ളാർഡ്; ലൂയിസിനെയും നിക്കോളാസ് പൂരനെയും മറികടന്ന് ചരിത്രനേട്ടം; കരീബിയൻ പ്രീമിയർ ലീഗിൽ നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
ഗ്രോസ് ഐലറ്റ്: കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) സിക്സറുകൾ പറത്തി ചരിത്രം കുറിച്ച് വെസ്റ്റിൻഡീസ് വെറ്ററൻ താരം കെയ്റോൺ പൊള്ളാർഡ്. സെൻ്റ് ലൂസിയ കിംഗ്‌സിനെതിരായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആറ് സിക്സറുകൾ നേടിയ പൊള്ളാർഡ് ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (203) നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. പൊള്ളാർഡിൻ്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് 18 റൺസിന് വിജയിച്ചു.
ഓഗസ്റ്റ് 24-ന് ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിനായി പൊള്ളാർഡ് 29 പന്തിൽ 65 റൺസ് അടിച്ചെടുത്തു. കോളിൻ മൺറോ (43), നിക്കോളാസ് പൂരൻ (34) എന്നിവരും മികച്ച സംഭാവന നൽകിയതോടെ ടീം 183 റൺസ് എന്ന മികച്ച സ്കോറിലെത്തി. ലൂസിയ കിംഗ്‌സിനായി കിയോൺ ഗാസ്റ്റൺ രണ്ട് വിക്കറ്റ് വീഴ്ത്തി.
184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സെൻ്റ് ലൂസിയ കിംഗ്‌സിന് ജോൺസൺ ചാൾസും (47), ടിം സീഫെർട്ടും (35) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു. നിശ്ചിത ഓവറിൽ അവർക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നൈറ്റ് റൈഡേഴ്സിനായി ആന്ദ്രേ റസലും ഉസ്മാൻ താരിഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.