ഇപ്പോള്‍ ഒരു മാറ്റത്തിന്റെ ആവശ്യമില്ല; രാഹുല്‍ ഓപ്പണറായി ഇറങ്ങും; ഞാന്‍ മധ്യനിരയില്‍: ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം; വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

Update: 2024-12-05 08:07 GMT

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള രണ്ടാം ടെസ്റ്റില്‍ യശ്വസി ജയ്സ്വാളിനൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് സ്ഥിരീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നേരത്തെ, രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്നതോടെ രാഹുലിന്റെ ഓപ്പണിങ് സ്ഥാനത്തെ ചൊല്ലി അഭ്യുവങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായത്.

ഇന്ത്യയ്ക്ക് പുറത്ത് രാഹുല്‍ ബാറ്റ് ചെയ്ത രീതി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും താന്‍ മധ്യനിരയിലാകും ഇറങ്ങുകയെന്നും രോഹിത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തിനാണ് ടീം ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്നതാണ് പ്രധാനമെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.

ഏത് നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്.പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനും, ടീമിനായി ബാറ്റ് ചെയ്യാനും താന്‍ ആഗ്രഹിക്കുന്നു. ഏത് നമ്പറിലായാലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഭാഗ്യവശാല്‍ താന്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിങ് പൊസിഷന്‍ ഏതായാലും തന്നെ അലട്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രോഹിതിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി എത്തിയ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്സ്വാളിനൊപ്പം 201 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 295 റണ്‍സിന്റെ വിജയത്തില്‍ ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചിരുന്നു.നാളെ മുതല്‍ പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റില്‍ അരങ്ങേറുന്നത്. പിങ്ക് പന്തിലാണ് പോരാട്ടം. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നില്‍.

Tags:    

Similar News