സാംസണ്‍ ബ്രദേഴ്സിന് കാലിടറിയെങ്കിലും ശൗര്യം വിടാതെ കൊച്ചി ബ്ലൂ ടൈഗേഴ്സ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തിയത് 34 റണ്‍സിന്; ബൗളിങ് മികവുമായി ആഷിഖും ആസിഫും
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം.ആലപ്പി റിപ്പിള്‍സിനെ 34 റണ്‍സിനാണ് ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിച്ചത്.കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിത്തിയ ബ്ലൂ ടൈഗേഴ്‌സ് 184 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.മറുപടി ബാറ്റിംഗില്‍ റിപ്പിള്‍സിന് 19.2 ഓവറില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ പുറത്താക്കിയ മുഹമ്മദ് ആഷിഖാണ് റിപ്പിള്‍സിനെ തകര്‍ത്തത്. കെ എം ആസിഫിനും നാല് വിക്കറ്റുണ്ട്.കൊച്ചി രണ്ടാം ജയം കണ്ടപ്പോള്‍ റിപ്പിള്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
36 പന്തില്‍ 33 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷയ് ചന്ദ്രനും 13 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍മാര്‍. ജലജ് സക്‌സേന (15 പന്തില്‍ 16), ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഒമ്പത് പന്തില്‍ 11),അനുജ് ജോട്ടിന്‍ (15), അക്ഷയ് (5) എന്നിവര്‍ക്കാര്‍ക്കും ആലപ്പി സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അര്‍ജുന്‍ സുരേഷ് 16 റണ്‍സെടുത്തു.
നേരത്തെ, മോഹിപ്പിക്കുന്ന തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിപുല്‍ ശക്തി (11) വിനൂപ് സഖ്യം 49 റണ്‍സ് ചേര്‍ത്തു. നാലാം ഓവറില്‍ വിപുലിനെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് റിപ്പില്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മുഹമ്മദ് ഷാനു ക്രീസിലേക്ക്. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ഷാനു സ്‌കോര്‍ വേഗത്തില്‍ 80ലെത്താന്‍ സഹായിച്ചു. വിനൂപിനൊപ്പം 31 റണ്‍സാണ് ഷാനു കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സുകള്‍ ഷാനുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
അക്ഷയ് ചന്ദ്രന്റെ പന്തില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഷാനു മടങ്ങിയത്. തുടര്‍ന്നെത്തിയ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്. ശേഷം സഞ്ജുവിനെ പ്രതീഷിച്ചെങ്കിലും രാകേഷാണ് ക്രീസിലെത്തിയത്. ഇതിനിടെ വിനൂപ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. അധികം വൈകാതെ താരം മടങ്ങി. ജലജ് സക്‌സേനയുടെ പന്തില്‍ ആദിത്യ ബൈജുവിന് ക്യാച്ച്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്‌സ്.
വിനൂപിന് പകരമാണ് സഞ്ജു സംസണ്‍ ക്രീസിലെത്തുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സഞ്ജു (22 പന്തില്‍ 13) നിരാശപ്പെടുത്തി. പ്രതിരോധത്തിലൂന്നിയാണ് സഞ്ജു കളിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ സഞ്ജു നന്നായി ബുദ്ധിമുട്ടി. ഒരു ഫോര്‍ പോലും നേടാന്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരത്തിന് സാധിച്ചില്ല. ഒടുവില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഇതിനിടെ രാകേഷ് (23 പന്തില്‍ 12), നിഖില്‍ തൊട്ടത്ത് (14 പന്തില്‍ 9) എന്നിവരുടെ വിക്കറ്റുകളും ബ്ലൂ ടൈഗേഴ്‌സിന് നഷ്ടമായിരുന്നു.
മുഹമ്മദ് ആഷിഖ് (3 പന്തില്‍ 12), ആല്‍ഫി എന്നിവരുടെ ഇന്നിംഗ്‌സാണ് ബ്ലൂ ടൈഗേഴ്‌സിനെ 180 കടത്താന്‍ സഹായിച്ചത്. ജെറിന്‍ പി എസ് (1) ആല്‍ഫിക്കൊപ്പം പുറത്താവാതെ നിന്നു. ആല്‍ഫി നാല് സിക്‌സും ഒരു ഫോറും നേടി. ശ്രീഹരി എസ് നായര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.