ന്യൂസിലന്‍ഡിനോട് പരമ്പര തോല്‍വി; ഡഗ് ഔട്ടിലേക്ക് മടങ്ങിയ താരങ്ങളെ കളിയാക്കി; ഡഗ് ഔട്ട് ചാടിക്കടന്ന് ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത് പാക്കിസ്ഥാന്‍ താരം; കയ്യേറ്റത്തിന് ശ്രമം; പിടിച്ച് മാറ്റി സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും
മൗണ്ട് മംഗനൂയി: ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി പാകിസ്ഥാന്‍. മൗണ്ട് മാങ്ങനൂയിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 43 റണ്‍സിനുള്ള പരാജയത്തെ തുടര്‍ന്ന് പരമ്പര ന്യൂസിലന്‍ഡ് 3-0 ന് സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരത്തിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഖുഷ്ദില്‍ ഷാ ആരാധകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത് വിവാദത്തിന് ഇടയാക്കി.
ടീം പവലിയനിലേക്ക് മടങ്ങുമ്പോള്‍, ചില ആരാധകര്‍ കളിക്കാരോട് അപമര്യാദയായി പെരുമാറുകയും, ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ താരം ഡഗ് ഔട്ടിലെ മതില്‍ ചാടിക്കടന്ന് ആരാധകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണു പാക്കിസ്ഥാന്‍ താരത്തെ പിടിച്ചുമാറ്റുകയാണ് ചെയ്തത്.
അതേസമയം, ന്യൂസീലന്‍ഡില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു. കളി കാണാനെത്തിയ രണ്ട് അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് പാക്കിസ്ഥാന്‍ താരങ്ങളെ അപമാനിച്ചതെന്നാണു പിസിബിയുടെ കണ്ടെത്തല്‍. ഖുഷ്ദില്‍ ഷാ ഇവരോട് നിര്‍ത്താന്‍ പറഞ്ഞെങ്കിലും കേട്ടില്ല. തുടര്‍ന്നാണ് ഇവരെ കയ്യേറ്റം ചെയ്യാനായി താരം ശ്രമിച്ചതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുത്തു. സംഭവത്തില്‍ ന്യൂസീലന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സംഭവത്തിന് മുമ്പും ഖുഷ്ദില്‍ ഷാ അച്ചടക്ക ലംഘനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍, ന്യൂസിലന്‍ഡ് ബൗളര്‍ സാക് ഫോക്സിനെ ബാറ്റിംഗ് ചെയ്യുന്നതിനിടെ മോശമായി പെരുമാറിയതിന് അദ്ദേഹത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റും ലഭിച്ചിരുന്നു. മൗണ്ട് മാങ്ങനൂയിയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഈ സംഭവത്തെ അപലപിക്കുകയും, കളിക്കാരും ആരാധകരും തമ്മിലുള്ള സുരക്ഷിതവും മാന്യവുമായ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.