കളിക്കളത്തിലെ തര്‍ക്കത്തില്‍ താരങ്ങള്‍ക്കെതിരെ ബിസിസിഐയുടെ നടപടി; ദിഗ്‌വേഷ് രാതിക്ക് പിഴയും സസ്‌പെന്‍ഷനും; അഭിഷേക് ശര്‍മ്മശര്‍മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം തുക പിഴയും

കളിക്കളത്തിലെ തര്‍ക്കത്തില്‍ താരങ്ങള്‍ക്കെതിരെ ബിസിസിഐയുടെ നടപടി

Update: 2025-05-20 11:34 GMT

ലക്‌നൗ: ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെ കളിക്കാരായ ദിഗ്‌വേഷ് രാതിയും അഭിഷേക് ശര്‍മയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നടപടിയെടുത്ത് ബിസിസിഐ. ലഖ്‌നൗ സ്പിന്നര്‍ ദിഗ്‌വേഷ് രാതിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാന്‍ കഴിയില്ല. കൂടാതെ മാച്ച് ഫീയുടെ 50 ശതമാനം ദിഗ്‌വേഷ് പിഴയായി അടയ്ക്കുകയും വേണം.

സണ്‍റൈസേഴ്‌സ് താരം അഭിഷേക് ശര്‍മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം തുകയാണ് പിഴ വിധിച്ചിരിക്കുന്നത്. സീസണില്‍ ദിഗ്‌വേഷിന് അഞ്ച് ഡിമെറിറ്റ് പോയിന്റുകളായി. ഇന്നലത്തെ മത്സരത്തില്‍ മൂന്ന് ഡിമെറിറ്റ് പോയിന്റാണ് ദിഗ്‌വേഷിന് ലഭിച്ചത്. നേരത്തെ ഈ സീസണില്‍ രണ്ട് തവണ ദിഗ്‌വേഷ് രാതിക്ക് രണ്ട് ഡിമെറിറ്റ് പോയിന്റുകള്‍ ലഭിച്ചിരുന്നു. നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയതാണ് താരത്തിന് രണ്ട് തവണയും തിരിച്ചടിയായത്. വിക്കറ്റെടുത്ത താരങ്ങളുടെ പേരുകള്‍ നോട്ട്ബുക്കില്‍ രേഖപ്പെടുത്തുവെന്നാണ് ഈ സെലിബ്രേഷന്‍ അര്‍ത്ഥമാക്കുന്നത്. ഇതിനെതിരെ നേരത്തെയും ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു.

ഇക്കഴിഞ്ഞ മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് ദിഗ്‌വേഷ് രാതിയും അഭിഷേക് ശര്‍മയും തമ്മില്‍ കോര്‍ത്തത്. ദിഗ്‌വേഷ് രാതി എറിഞ്ഞ പന്തില്‍ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്താനായിരുന്നു അഭിഷേകിന്റെ ശ്രമം. എന്നാല്‍ അവിടെ ഫീല്‍ഡിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂര്‍ അഭിഷേകിന്റെ ഷോട്ട് കൈപ്പിടിയിലാക്കി. 20 പന്തുകള്‍ മാത്രം നേരിട്ട് നാല് ഫോറും ആറ് സിക്‌സറും സഹിതം 59 റണ്‍സാണ് അഭിഷേക് നേടിയത്.

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അഭിഷേക് ഡഗ്ഔട്ടിലേക്ക് മടങ്ങവെയാണ് ദിഗ്‌വേഷ് രാതിയുടെ പ്രകോപനമുണ്ടായത്. ആദ്യം അഭിഷേകിനെ നോക്കി വലതുകൈയ്യിലെ വിരലുകള്‍ ഇളക്കിയ രാതി പിന്നാലെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങൂ എന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യവും കാണിച്ചു. ഇതോടെ തിരിച്ചെത്തി അഭിഷേക് ദിഗ്‌വേഷിനോട് ചൂടായി. വിട്ടുകൊടുക്കാന്‍ ദിഗ്‌വേഷും തയ്യാറാകാതിരുന്നതോടെ ഇരുതാരങ്ങളും തമ്മിലുള്ള തര്‍ക്കം ശക്തമായി. ഒടുവില്‍ അംപയര്‍മാരും സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും ശാന്തമാക്കിയത്. എങ്കിലും നിന്റെ മുടിപിടിച്ച് വലിക്കുമെന്ന് പറഞ്ഞാണ് അഭിഷേക് മടങ്ങിയത്.

Tags:    

Similar News