പവര്‍പ്ലേയില്‍ മാര്‍ഷിന്റെ ബാറ്റിംഗ് വെടിക്കെട്ട്; അര്‍ധ സെഞ്ചുറിയുമായി മാര്‍ക്രവും; വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്; അഞ്ച് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യ; മുംബൈക്കെതിരേ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ലക്നൗ

മുംബൈക്കെതിരേ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ലക്നൗ

Update: 2025-04-04 16:14 GMT

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ധസെഞ്ചുറികളും ആയുഷ് ബധോനി, ഡേവിഡ് മില്ലര്‍ എന്നിവരുടെ ഇന്നിങ്സുമാണ് ലക്‌നൗവിന് കരുത്തായത്. മുംബൈക്കായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 36 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്നേഷ് പുത്തൂര്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കമായിരുന്നു ലഖ്നൗവിന്റേത്. ഓപ്പണിങ് വിക്കറ്റില്‍ മാര്‍ഷ്-മാര്‍ക്രം സഖ്യം 42 പന്തില്‍നിന്ന് 76 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 31 പന്തില്‍നിന്ന് 60 റണ്‍സെടുത്ത മാര്‍ഷിനെ മടക്കി മലയാളി താരം വിഗ്‌നേഷ് പുത്തൂരാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്സും ഒമ്പത് ഫോറുുകളും അടങ്ങുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്സ്. മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു താരം. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്.

പിന്നാലെയെത്തിയ നിക്കോളാസ് പുരാന്‍ (12), ഋഷഭ് പന്ത് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 107 എന്ന നിലയിലായി ലക്നൗ. പിന്നീട് മാര്‍ക്രം - ആയുഷ് ബദോനി (19 പന്തില്‍ 30) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബദോനിയെ അശ്വനി കുമാര്‍ പുറത്താക്കി.

വൈകാതെ മാര്‍ക്രമിനെ ഹാര്‍ദിക്കും മടക്കി. നാല് സിക്സും രണ്ട് ഫോറും നേടിയ മാര്‍ക്രം, രാജ് ബാവയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഡേവിഡ് മില്ലറിന്റെ (14 പന്തില്‍ 27) ഇന്നിംഗ്സാണ് ലക്നൗവിന്റെ സ്‌കോര്‍ 200 കടത്തിയത്. അബ്ദുള്‍ സമദ് (4), ആകാശ് ദീപ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷാര്‍ദുല്‍ താക്കൂര്‍ (5), ആവേഷ് ഖാന്‍ (2) പുറത്താവാതെ നിന്നു.

രണ്ടാം ജയം തേടിയാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. മത്സരത്തിന്റെ തലേന്ന് നെറ്റ് സെഷനില്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്ഥിരീകരിച്ചു. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ലക്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിംഗ് രതി, ആകാശ് ദീപ്, ആവേശ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് : വില്‍ ജാക്ക്സ്, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, ദീപക് ചഹര്‍, വിഘ്നേഷ് പുത്തൂര്‍.

Tags:    

Similar News