ആർഷിൻ കുൽക്കർണിയുടെ സെഞ്ചുറി കരുത്തിൽ നേടിയത് കൂറ്റൻ സ്‌കോർ; അങ്ക്രിഷ് രഘുവംശിയുടെ പോരാട്ടം പാഴായി; വിജയ് ഹസാരെയിൽ മുംബൈയുടെ കുതിപ്പിന് തടയിട്ട് മഹാരാഷ്ട്ര;128 റൺസിന്റെ വിജയം

Update: 2026-01-03 12:19 GMT

ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയുടെ അപരാജിത കുതിപ്പിന് തടയിട്ട് മഹാരാഷ്ട്ര. ആർഷിൻ കുൽക്കർണിയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈയെ 128 റൺസിനാണ് മഹാരാഷ്ട്ര തകർത്തത്. ലിസ്റ്റ്-എ ക്രിക്കറ്റിൽ കുൽക്കർണിയുടെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മഹാരാഷ്ട്ര നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 366 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ 238 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഓപ്പണർമാരായ ആർഷിൻ കുൽക്കർണി (114 പന്തിൽ 114 റൺസ്, 11 ഫോർ, 3 സിക്സ്), പൃഥ്വി ഷാ (75 പന്തിൽ 71 റൺസ്, 10 ഫോർ, 1 സിക്സ്) എന്നിവർ 128 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് മഹാരാഷ്ട്രയ്ക്ക് സമ്മാനിച്ചത്. മുംബൈ നായകൻ ശാർദുൽ താക്കൂർ അഞ്ച് ഓവർ മാത്രം എറിഞ്ഞതിന് ശേഷം പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയായി. മുംബൈയുടെ മോശം ഫീൽഡിംഗും മഹാരാഷ്ട്രയ്ക്ക് തുണയായി. അഞ്ചിലധികം ക്യാച്ചുകളാണ് മുംബൈ താരങ്ങൾ പാഴാക്കിയത്.

ഷാ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് 52 പന്തിൽ 66 റൺസെടുത്ത് കുൽക്കർണിയുമായി ചേർന്ന് 108 റൺസിൻ്റെ നിർണ്ണായക കൂട്ടുകെട്ട് സ്ഥാപിച്ചു. കുൽക്കർണി സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ കവറിൽ ക്യാച്ചായി പുറത്തായി. ഋതുരാജ് ഗെയ്‌ക്‌വാദിനെ ഷംസ് മുലാനിയും പുറത്താക്കി. അവസാന ഓവറുകളിൽ 27 പന്തിൽ പുറത്താകാതെ 64 റൺസ് നേടിയ രാമകൃഷ്ണ ഘോഷിൻ്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് മഹാരാഷ്ട്രയെ 366 എന്ന വലിയ സ്കോറിലെത്തിച്ചത്.

സിൽവർ ഡിസൂസയുടെ ഒരു ഓവറിൽ രാമകൃഷ്ണ ഘോഷ് 30 റൺസ് അടിച്ചുകൂട്ടി. സിൽവർ ഡിസൂസയുടെ ഓവറിൽ 30 റൺസാണ് ഘോഷ് അടിച്ചെടുത്തത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് തുടക്കം മോശമായിരുന്നു. യശസ്വി ജയ്‌സ്വാൾ ഒൻപത് പന്തുകൾ മാത്രം നേരിട്ട് പുറത്തായപ്പോൾ, മുഷീർ ഖാൻ ഡക്കായി. കേവലം നാല് റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായ മുംബൈയെ യുവതാരം അങ്ക്രിഷ് രഘുവംശിയും സിദ്ധേഷ് ലാഡും ചേർന്നാണ് കരകയറ്റിയത്.

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മൂന്നാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുമായി രഘുവംശിയും ലാഡും മുംബൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ സിദ്ധേഷ് ലാഡിനെ സത്യജീത് ബച്ചാവ് എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയതോടെ ഈ കൂട്ടുകെട്ട് തകർന്നു. കരിയറിലെ ആദ്യ ലിസ്റ്റ്-എ സെഞ്ചറിക്ക് എട്ട് റൺസ് അകലെ രഘുവംഷി വീണു. 88 പന്തിൽ നിന്ന് 92 റൺസാണ് താരം അടിച്ചെടുത്തത്.

അർധസെഞ്ചറി പ്രകടനവുമായി രഘുവംശിയ്ക്ക് മികച്ച പിന്തുണ നൽകി. പരിക്കേറ്റ സർഫറാസ് ഖാൻ ഇല്ലാത്തത് മുംബൈയ്ക്ക് തിരിച്ചടിയായി. അരങ്ങേറ്റക്കാരൻ ചിന്മയ് സുതാരോ ഹാർദിക് തമോരെയോ ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കാതെ വന്നതോടെ മുംബൈയുടെ മധ്യനിര തകർന്നു. ശാർദുൽ താക്കൂർ പരിക്കേറ്റ് മടങ്ങിയതും ബോളർമാർക്ക് താളം കണ്ടെത്താൻ കഴിയാതെ വന്നതും മുംബൈയ്ക്ക് വിനയായി.

Tags:    

Similar News