നാല് മത്സരങ്ങളിലായി 13 വിക്കറ്റുകൾ; മുംബൈയുടെ അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞ് കേരളത്തിന് സമ്മാനിച്ചത് തകർപ്പൻ ജയം; മുഷ്താഖ് അലിയിൽ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് കേരള പേസർ കെ.എം. ആസിഫ്. മുംബൈക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ കേരളത്തിന് അട്ടിമറി ജയം നേടിക്കൊടുത്തിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് ആകെ 13 വിക്കറ്റുകളാണ് ആസിഫ് ഇതുവരെ സ്വന്തമാക്കിയത്. മുംബൈക്കെതിരെ വെറും 24 റൺസ് മാത്രം വഴങ്ങിയാണ് ആസിഫ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്.
ആസിഫിൻ്റെ ഈ പ്രകടനമികവിലാണ് കേരളം 15 റൺസിൻ്റെ ആവേശകരമായ വിജയം നേടിയത്. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം കൂടിയായ ആസിഫിൻ്റെ ഈ മിന്നുന്ന ഫോം, ഈ മാസം 16-ന് നടക്കുന്ന ഐപിഎൽ താരലേലത്തിൽ അദ്ദേഹത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് നാല് വിക്കറ്റ് പ്രകടനമടക്കം 16 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ്റെ അശോക് ശർമ്മയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്.
13 വിക്കറ്റുകളുമായി ആസാമിൻ്റെ മുക്താർ ഹുസൈൻ മൂന്നാം സ്ഥാനത്തും, 12 വിക്കറ്റുകളുമായി വിദർഭയുടെ യാഷ് താക്കൂർ നാലാം സ്ഥാനത്തുമുണ്ട്. യുപി താരം വിപ്രജ് നിഗം, ചണ്ഡീഗഡിനായി കളിക്കുന്ന രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ്മ, ജമ്മു കശ്മീരിൻ്റെ അക്വിബ് നബി, ഒഡിഷയുടെ രാജേഷ് മൊഹന്തി, ബറോഡയുടെ ലിംബാനി, രാജസ്ഥാൻ്റെ കമലേഷ് നാഗർകോട്ടി എന്നിവരാണ് 11 വിക്കറ്റുകൾ വീതമെടുത്ത് ആദ്യ പത്തിലുള്ള മറ്റ് പ്രമുഖ താരങ്ങൾ.
ദീർഘകാലമായി ഇന്ത്യൻ ടീമിന് പുറത്തുള്ള ബംഗാൾ പേസർ മുഹമ്മദ് ഷമി അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ 25-ാം സ്ഥാനത്താണ്. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അർജുൻ ടെൻഡുൽക്കർ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിൻ്റെ അതിവേഗ പേസറായ ഉമ്രാൻ മാലിക്കിന് അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് ഇതുവരെ നേടാനായത്.