കരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ ടീമില്‍; പരിക്കേറ്റ താരങ്ങള്‍ ഉള്‍പ്പടെ മൂന്നുമാറ്റവുമായി ഇന്ത്യ; തുടര്‍ച്ചയായ നാലാം തവണയും ഗില്ലിന് ടോസ് നഷ്ടം; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; മാഞ്ചസ്റ്ററില്‍ പതിയെ തുടങ്ങി ഇന്ത്യ

മാഞ്ചസ്റ്ററില്‍ പതിയെ തുടങ്ങി ഇന്ത്യ

Update: 2025-07-23 11:05 GMT

മാഞ്ചെസ്റ്റര്‍: ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു.പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് നഷ്ടമാകുന്നത്.താരങ്ങളുടെ പരിക്ക് വലയ്ക്കുന്ന ഇന്ത്യ ഇത്തവണ മൂന്നുമാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ താക്കൂറും ആകാശ്ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി.ഇതില്‍ നിതിഷ് കുമാറിനും ആകാശ് ദീപിനും പരിക്ക് വില്ലനായപ്പോള്‍ കഴിഞ്ഞ മുന്നു ടെസ്റ്റിലും പ്രതീക്ഷയ്ക്കൊത്തുയരാനാകാതെ പോയതാണ് കരുണ്‍ നായര്‍ക്ക് തിരിച്ചടിയായത്.

അരങ്ങേറ്റക്കാരന്‍ യുവ പേസര്‍ അംശുല്‍ കാംബോജിയെക്കൂടാതെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റ് പേസര്‍മാര്‍.അമിത ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജസ്പ്രീത് ബുംറയ്ക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷ്ദീപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു.ഋഷഭ്പന്തു തന്നെ നാലാം ടെസ്റ്റിലും വിക്കറ്റ് കീപ്പറാകും.ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.പരുക്കേറ്റ സ്പിന്നര്‍ ശുഐബ് ബഷീറിനു പകരം ലിയാം ഡോസണ്‍ പ്ലേയിങ് ഇലവനിലുണ്ട്.ഇംഗ്ലണ്ട് ടീമില്‍ മറ്റു മാറ്റങ്ങളില്ല.

ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്‍ഷുല്‍ കാംബോജ്.ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി.രഞ്ജി ക്രിക്കറ്റില്‍ ഹരിയാണയ്ക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു.സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്.ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.

മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല.ഇതുവരെ 9 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓള്‍ഡ് ട്രാഫഡില്‍ കളിച്ചത്.ഇതില്‍ നാലെണ്ണം തോറ്റപ്പോള്‍ അഞ്ചെണ്ണം സമനിലയായി.ബാലികേറാമലയായി നില്‍ക്കുന്ന ഗ്രൗണ്ടിലേക്കാണ് പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി ശുഭ്മന്‍ ഗില്ലും സംഘവും വരുന്നത്.മറുവശത്ത് 5 മത്സര പരമ്പരയില്‍ 2-1നു മുന്നില്‍ നില്‍ക്കുന്ന ആതിഥേയര്‍ക്കു പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഓള്‍ഡ് ട്രാഫഡില്‍ കാത്തിരിക്കുന്നത്.

പേസ് ബോളര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഓള്‍ഡ് ട്രാഫഡിലേത്.മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പേസ് ബോളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും.അപ്രതീക്ഷിത ബൗണ്‍സുമായി ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കുന്ന പിച്ചില്‍ ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറായിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി.ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ പതുക്കെയാണ് തുടങ്ങിയത്.11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 31 റണ്‍സെന്ന നിലയിലാണ്.


Tags:    

Similar News