'ഗംഭീർ ഒരു 'കപടനാട്യക്കാരൻ', എന്തുകൊണ്ട് രാജിവെച്ചുകൂടാ?'; ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മനോജ് തിവാരി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗംഭീർ ഒരു 'കപടനാട്യക്കാരൻ' ആണെന്ന് പറഞ്ഞ തിവാരി ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ടീമിനെ പരിശീലിപ്പിക്കുന്നതിനെയും ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെയും ചോദ്യം ചെയ്തു.
ഏഷ്യാ കപ്പ് 2025 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗംഭീറിൻ്റെ മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി തിവാരി രംഗത്തെത്തിയത്. 'ഇന്ത്യയുടെ പരിശീലകനൻ അല്ലാതിരുന്ന കാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കരുതെന്ന് ശക്തമായി വാദിച്ചയാളാണ് ഗംഭീർ. ഇപ്പോൾ അദ്ദേഹം എന്തുചെയ്യും?' ക്രിക്ക്ട്രാക്കറിന് നൽകിയ അഭിമുഖത്തിൽ തിവാരി ചോദിച്ചു.
പാകിസ്ഥാനെതിരെ കളിക്കാൻ പോകുന്ന ടീമിന്റെ പരിശീലകനാണ് ഗംഭീർ ഇപ്പോൾ. 'പാകിസ്ഥാനുമായി കളിക്കുന്നതിനാൽ ഞാൻ ടീമിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞ് എന്തുകൊണ്ട് അദ്ദേഹത്തിന് രാജിവെച്ചുകൂടാ?' എന്നും തിവാരി കൂട്ടിച്ചേർത്തു. അതിർത്തിയിലെ സംഘർഷങ്ങൾ നിലനിൽക്കെ ഇന്ത്യ-പാക് മത്സരം നടത്തുന്നതിലെ ധാർമികതയാണ് തിവാരി ചോദ്യം ചെയ്തത്.
ഏഷ്യാ കപ്പ് 2025-ൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ദുബായിൽ യു.എ.ഇയ്ക്ക് എതിരെയാണ്. സെപ്റ്റംബർ 14-നാണ് ഏറെ ശ്രദ്ധേയമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഇതിന് ശേഷം ഒമാനെയും ഇന്ത്യ നേരിടും. അതേസമയം, ഉഭയകക്ഷി കായിക മത്സരങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുന്ന പുതിയ നയം കേന്ദ്ര കായിക മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിരുന്നു. എന്നാൽ ഏഷ്യാ കപ്പ് പോലുള്ള ബഹുരാഷ്ട്ര ടൂർണമെന്റുകൾക്ക് ഈ നയം ബാധകമല്ലാത്തതിനാലാണ് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായത്.