ഒരോവറിൽ ആറ് സിക്സർ, തുടർച്ചയായി എട്ടു സിക്സുകൾ; 11 പന്തിൽ അർധസെഞ്ചുറിയുമായി ആകാശ് കുമാർ ചൗധരി; റെക്കോർഡ് നേട്ടത്തിൽ മറികടന്നത് ഇതിഹാസ താരങ്ങളെ

Update: 2025-11-09 13:01 GMT

ഷില്ലോങ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റെക്കോർഡ് കുറിച്ച് മേഘാലയ ബാറ്റർ ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ വെറും 11 പന്തിൽ അതിവേഗ അർധ സെഞ്ച്വറി നേടിയാണ് 25-കാരനായ ആകാശ് ചരിത്രം കുറിച്ചത്. തന്റെ കളിജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇതിനെ വിലയിരുത്തപ്പെടുന്നു.

മത്സരത്തിൽ എട്ടാം നമ്പറിലാണ് ആകാശ് ക്രീസിലെത്തിയത്. വെറും 14 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത താരം, ഇതിനിടയിൽ തുടർച്ചയായി എട്ട് സിക്സറുകൾ പറത്തി. ലിമാർ ദാബി എറിഞ്ഞ ഒരു ഓവറിലെ ആറ് പന്തുകളും അദ്ദേഹം സിക്സർ പറത്തി. ഇതോടെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സറടിച്ച് ഗാരി സോബേഴ്സ്, രവി ശാസ്ത്രി എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ് ആകാശ്. എന്നാൽ, തുടർച്ചയായി എട്ട് സിക്സറുകൾ നേടുന്ന ആദ്യതാരം എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. 2012-ൽ വെയ്ൻ വൈറ്റ് 12 പന്തിൽ നേടിയ അതിവേഗ അർധ സെഞ്ച്വറിയുടെ റെക്കോർഡും ആകാശ് മറികടന്നു.

മേഘാലയയുടെ കൂറ്റൻ സ്കോറിന് പിന്നിൽ ആകാശിന്റെ മിന്നൽ പ്രകടനവും നിർണായകമായി. മേഘാലയ ഒന്നാം ഇന്നിങ്സിൽ 628 റൺസിന് ഡിക്ലയർ ചെയ്തു. അർപിത് ഭത്വേര (207), കിഷൻ ലിങ്ദോ (119), രാഹുൽ ദലാൽ (144) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഫോളോ ഓൺ ചെയ്ത അരുണാചൽ ആദ്യ ഇന്നിങ്സിൽ 73 റൺസിന് പുറത്തായി. നിലവിൽ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ് അവർ. 2019-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആകാശ്, 31 മത്സരങ്ങളിൽ നിന്ന് 503 റൺസാണ് ഇതുവരെ നേടിയത്. 

Tags:    

Similar News