'വാങ്കഡെ അവന് അനുയോജ്യമായ സ്റ്റേഡിയം, ആ ടീമിലെത്തിയാൽ ഓപ്പണറാവാം'; അത് ടീമിനും ഗുണകരം; ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തിരിച്ചുവരണമെന്ന് മുഹമ്മദ് കൈഫ്
മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഇഷാൻ കിഷന് മുംബൈ ഇന്ത്യൻസിലാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുക എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. 2026 ഐ.പി.എൽ സീസണ് മുന്നോടിയായി താരങ്ങളെ നിർനിർത്താനായി മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കൈഫിന്റ്‌റെ വിലയിരുത്തൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ഇഷാൻ കിഷൻ.
സൺറൈസേഴ്സ് ഹൈദരാബാദിൽ ഇഷാൻ കിഷൻ പ്രധാനമായും മൂന്നാം നമ്പറിലാണ് കളിക്കുന്നത്. എന്നാൽ, ഓപ്പണർമാരായ അഭിഷേക് ശർമ്മക്കും ട്രാവിസ് ഹെഡിനും ശേഷമാണ് താരമെത്തുന്നത്. കഴിഞ്ഞ സീസണിൽ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ഫോം നിലനിർത്താൻ ഇഷാന് സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയാൽ ഓപ്പണിങ് സ്ഥാനത്ത് കളിക്കാൻ അവസരം ലഭിക്കുമെന്നും ഇത് അദ്ദേഹത്തിന് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്നും കൈഫ് ചൂണ്ടിക്കാട്ടി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇഷാൻ കിഷൻ മികച്ച ബാറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൺറൈസേഴ്സ് ഹൈദരാബാദ് വലിയ വില നൽകി വാങ്ങിയെങ്കിലും ഓപ്പണിങ് സ്ഥാനത്ത് ഒഴിവില്ലാത്തതിനാൽ ഇഷാന് തൻ്റെ ഇഷ്ട പൊസിഷൻ ലഭിച്ചിട്ടില്ല. ഇത് അദ്ദേഹത്തിൻ്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഒരു കൈമാറ്റം സാധ്യമാവുകയാണെങ്കിൽ ഇഷാൻ മുംബൈയിലേക്ക് പോകണമെന്നും, ഇത് മുംബൈക്ക് ഗുണകരമാകുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. കാരണം, ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഓപ്പണർ ടീമിലുള്ളത് വിദേശ കളിക്കാരെ കളിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇഷാൻ കിഷൻ ഓപ്പണറായി കളിച്ച 55 ഇന്നിങ്സുകളിൽ നിന്ന് 33.98 ശരാശരിയിൽ 1733 റൺസ് നേടിയിട്ടുണ്ട്. എന്നാൽ, മൂന്നാം നമ്പറിൽ നിന്ന് 26.60 ശരാശരിയിൽ 532 റൺസ് മാത്രമാണ് നേടാനായത്. ഐ.പി.എൽ 2025 സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം, ടീം തന്നെ എങ്ങനെയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സൺറൈസേഴ്സ് മാനേജ്‌മെൻ്റിനോട് ചോദിച്ചെന്നും 'എല്ലാ പന്തും അടിക്കാൻ' ആവശ്യപ്പെട്ടെന്നും ഇഷാൻ കിഷൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.
