ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു, ടീമിൽ മതവിശ്വാസം പ്രോത്സാഹിപ്പിച്ചു; പാക്കിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മുഹമ്മദ് റിസ്‌വാനെ പുറത്താക്കി; നീക്കം കോച്ച് മൈക്ക് ഹെസ്സണിന്റെ നിർദ്ദേശത്തിൽ?

Update: 2025-10-21 06:25 GMT

കറാച്ചി: പാക്കിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ നീക്കം ചെയ്തതിനെ ചൊല്ലി വിവാദം. റിസ്‌വാനെ പുറത്താക്കാൻ കാരണം ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതും പാക്ക് ടീമിൽ മതവിശ്വാസം പ്രോത്സാഹിപ്പിച്ചതുമാണെന്ന് മുൻ താരം റഷീദ് ലത്തീഫ് ആരോപിച്ചു. വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ബോർഡിനോടാണ് റിസ്‌വാനെ മാറ്റാൻ ആവശ്യപ്പെട്ടതെന്നും ലത്തീഫ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

ഡ്രെസ്സിംഗ് റൂമിൽ മതപരമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റിസ്‌വാന്റെ രീതി ഹെസ്സണിന് ഇഷ്ടമായിരുന്നില്ലെന്നും, മുൻ ക്യാപ്റ്റൻമാരായ ഇൻസമാം ഉൾ ഹഖ്, സയ്യിദ് അൻവർ, സഖ്‌ലിയൻ മുഷ്താഖ് എന്നിവർ എതിർക്കാത്ത വിഷയങ്ങളിൽ ഹെസ്സൺ ഇപ്പോൾ നടപടിയെടുക്കുകയാണെന്നും ലത്തീഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് റിസ്‌വാൻ ഏകദിന ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.

20 മത്സരങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹം ഒമ്പത് വിജയങ്ങളും 11 തോൽവികളും നേരിട്ടു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ഏകദിന പരമ്പരകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ റൗണ്ട് പുറത്താകലിൽ ടീം പരാജയപ്പെട്ടിരുന്നു. റിസ്‌വാന് പകരം പേസർ ഷഹീൻ ഷാ അഫ്രീദിയെയാണ് പുതിയ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ടി20യിൽ സൽമാൻ അലി ആഗയും ടെസ്റ്റിൽ ഷാൻ മസൂദും ക്യാപ്റ്റൻമാരായിട്ടുണ്ട്. ഇതോടെ മൂന്ന് ഫോർമാറ്റുകളിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാരാണ് ടീമിനെ നയിക്കുന്നത്.

Tags:    

Similar News