'ഗംഭീർ രഞ്ജി ട്രോഫിയിൽ പരിശീലകനാകണം, ഇത് റെഡ്-ബോൾ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും'; നിർദ്ദേശവുമായി ഇംഗ്ലണ്ട് മുന്‍ താരം

Update: 2025-12-29 13:16 GMT

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ റെഡ് ബോൾ ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഏതെങ്കിലും ഒരു രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെ ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തുനിന്ന് മാറ്റാൻ ബി.സി.സി.ഐ. നീക്കം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പനേസറുടെ പ്രതികരണം.

വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ദയനീയ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പനേസറുടെ ഈ നിർദേശം. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീർ ഒരു മികച്ച പരിശീലകനാണ്, കാരണം അദ്ദേഹം വിജയം നേടിയിട്ടുണ്ട്. എന്നാൽ രഞ്ജി ട്രോഫിയിൽ പരിശീലകനാകുന്നത് അദ്ദേഹത്തിന് പ്രയോജനകരമാകും. റെഡ്-ബോൾ ക്രിക്കറ്റിൽ ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയിൽ പരിശീലനം നൽകിയവരുമായി അദ്ദേഹം സംസാരിക്കണം," പനേസർ പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ദുർബലമാണെന്നും, മൂന്ന് മികച്ച കളിക്കാർ വിരമിക്കുമ്പോൾ ബാക്കിയുള്ള കളിക്കാരെ സജ്ജമാക്കുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെതിരെയും പനേസർ വിമർശനം ഉന്നയിച്ചു. ഗില്ലിന് കഴിവുണ്ടെങ്കിലും ഒരു സ്വാർത്ഥനായ താരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "അദ്ദേഹത്തിന് കഴിവുണ്ട്, പക്ഷേ അദ്ദേഹം അലസമായ ഷോട്ടുകളാണ് കളിക്കുന്നത്. വിരാട് കോലിയുടെ തീവ്രതയും ആക്രമണോത്സുകതയും എല്ലാ ഫോർമാറ്റുകളിലും പ്രകടമാണ്. എന്നാൽ ശുഭ്മാൻ ഗില്ലിന് അത് ആവർത്തിക്കാൻ കഴിയില്ല. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹത്തിന് ക്യാപ്റ്റനാകാനും കഴിയില്ല," പനേസർ വ്യക്തമാക്കി.

Tags:    

Similar News