360 ദിവസത്തിന് ശേഷമുള്ള തിരിച്ചുവരവ്, രഞ്ജി ട്രോഫിയില്‍ ബംഗാളിനായി എറിഞ്ഞിട്ടത് നാല് വിക്കറ്റ്; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി താരം
ഇന്‍ഡോര്‍: ക്രിക്കറ്റിലേക്ക് ഒരു വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവ് ആഘോഷമാക്കി പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഷമി തകര്‍പ്പന്‍ ബൗളിങ്ങ് പ്രകടനവുമായി തിളങ്ങിയത്. മത്സരത്തില്‍ 19 ഓവര്‍ പന്തെറിഞ്ഞ ഷമി നാല് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പടെ 54 റണ്‍സും വഴങ്ങിയിരുന്നു.
ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 228 റണ്‍സിനായിരുന്നു ബംഗാള്‍ പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 103-1 എന്ന മികച്ച നിലയിലായിരുന്നു രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍, ഷമിയുടെ നേതൃത്വത്തില്‍ പന്തെറിഞ്ഞ ബംഗാള്‍ നിര മധ്യപ്രദേശിനെ 167 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു.
മധ്യപ്രദേശ് ക്യാപ്റ്റന്‍ ശുഭം ശര്‍മ (8), സാരാന്‍ശ് ജെയിന്‍ (7), കുമാര്‍ കാര്‍ത്തികേയ (9), കുല്‍വന്ദ് കെജ്രോളിയ (0) എന്നിവരാണ് ഷമിയുടെ വേഗത്തിന് മുന്നില്‍ വീണത്. ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഒന്നാം ഇന്നിങ്സില്‍ 61 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് ലോകകപ്പിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ മാസം ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, കാല്‍മുട്ടില്‍ വീണ്ടും വേദന അനുഭവപ്പെട്ട സാഹചര്യത്തില്‍ രഞ്ജി ട്രോഫി കളിച്ച് താരത്തിന് ഫിറ്റ്നസ് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഷമിയെ ഒഴിവാക്കി ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചത്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലാണ് ഇന്ത്യന്‍ ടീം.
നവംബര്‍ 22നാണ് പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍ ഷമിയെ ടീമിലേക്ക് പരിഗണിക്കാനും സാധ്യതയേറെയാണ്. നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ഉള്ള പേസര്‍മാര്‍.