'പരിക്കേറ്റിട്ടും അവനെ ബാറ്റിംഗിന് അയച്ചു'; ടീം മാനേജ്‌മെന്റിന്റെ സമീപനം അന്യായം; ഗില്ലിന് ലഭിച്ച സംരക്ഷണം വാഷിംഗ്ടൺ സുന്ദറിന് ലഭിച്ചില്ല; വിമർശനവുമായി മുൻ താരം
ലക്നൗ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റിട്ടും വാഷിംഗ്ടൺ സുന്ദറിനെ ബാറ്റിംഗിന് അയച്ചത് താരത്തിനോട് ടീം മാനേജ്‌മെന്റ് കാണിച്ചത് അന്യായമായ സമീപനമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ശുഭ്മാൻ ഗില്ലിന് നൽകിയ സംരക്ഷണം സുന്ദറിന് ലഭിച്ചില്ലെന്നും ഈ തീരുമാനം താരത്തിന്റെ പരിക്ക് കൂടുതൽ വഷളാക്കിയെന്നും കൈഫ് വിമർശിച്ചു. ചില ആഴ്ചകൾ കൊണ്ട് മാറേണ്ട പരിക്ക് ഈ സാഹചര്യത്തിൽ മാസങ്ങളോളം നീണ്ടുപോവാൻ സാധ്യതയുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കഴുത്തിന് പരിക്കേറ്റപ്പോൾ ശുഭ്മാൻ ഗില്ലിനെ പിന്നീട് ബാറ്റിംഗിന് അയക്കാതെ സംരക്ഷിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് 20-30 റൺസ് നേടിയിരുന്നെങ്കിൽ ടീമിന് ഗുണകരമാകുമായിരുന്നിട്ടും, പരിക്ക് വഷളാകാതിരിക്കാൻ ഗില്ലിന് പൂർണ്ണ പിന്തുണ നൽകി. എന്നാൽ സുന്ദറിന്റെ കാര്യത്തിൽ ഇത് കണ്ടില്ലെന്ന് കൈഫ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഓടാൻ പോലും പ്രയാസപ്പെട്ട സുന്ദറിന് സിംഗിളുകൾ എടുത്ത് രാഹുലിന് സ്ട്രൈക്ക് കൈമാറാൻ കഴിഞ്ഞില്ല. ഇന്ത്യ മത്സരം ജയിച്ചുവെങ്കിലും സുന്ദറിനെ ബാറ്റിംഗിന് അയച്ചത് തെറ്റായ തീരുമാനമായിരുന്നു. ഒരു പന്തിൽ ഒരു റൺ മാത്രം വേണ്ടിയിരുന്ന സാഹചര്യത്തിൽ സുന്ദറിന് പകരം കുൽദീപിനെയോ പ്രസിദ്ധിനെയോ സിറാജിനെയോ അയക്കാമായിരുന്നെന്നും കൈഫ് കൂട്ടിച്ചേർത്തു.
ഒന്നാം ഏകദിനത്തിൽ ബോളിംഗിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. ഈ പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാവില്ല. വരാനിരിക്കുന്ന ന്യൂസിലൻഡ് ടി20 പരമ്പരയിലും ലോകകപ്പ് ടീമിലും ഉൾപ്പെട്ട താരമാണ് സുന്ദർ. അദ്ദേഹത്തിന് പകരക്കാരനായി ആയുഷ് ബദോണിയെയാണ് സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.