'സഞ്ജുവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കണം, റാഷിദ് ഖാനെ നേരിടാൻ ഇതിലും മികച്ചൊരു കളിക്കാരൻ ഇല്ല'; ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്ന് മുഹമ്മദ് കൈഫ്
ലക്നൗ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാൻ ഗിൽ ടീമിലുണ്ടാകുമെന്നുറപ്പുള്ളതിനാൽ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കില്ലെന്ന വാർത്തകൾ സജീവമാണ്. എന്നാൽ, ശുഭ്മാൻ ഗില്ലിനൊപ്പം സഞ്ജുവിനെയും ടീമിൽ കളിപ്പിക്കാൻ കൈഫ് നിർദ്ദേശിക്കുന്നു. ഇതിനായി ഐസിസി ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ തിലക് വർമ്മയെ ഒഴിവാക്കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു. തിലകിന് പകരം സഞ്ജുവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തിലക് വർമ്മ ചെറുപ്പമാണ്, ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കും. എന്നാൽ സഞ്ജു പരിചയസമ്പന്നനായ താരമാണ്. തുടർച്ചയായി അവസരം നൽകി മൂന്നാം നമ്പറിൽ അവനെ സ്ഥിരപ്പെടുത്തണം. ആറു മാസത്തിനപ്പുറം ലോകകപ്പ് വരുന്നുണ്ട്. സഞ്ജു ടീമിൽ സ്ഥാനം അർഹിക്കുന്നു,' കൈഫ് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോൾ, റാഷിദ് ഖാൻ ബൗൾ ചെയ്യാൻ വരുമ്പോൾ നേരിടാൻ സഞ്ജുവിനെക്കാൾ മികച്ചൊരു കളിക്കാരനില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഏത് ബൗളറെയും സിക്സർ പറത്താൻ സഞ്ജുവിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിലെ ദുഷ്കരമായ പിച്ചിൽ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികൾ നേടിയ താരമാണ് സഞ്ജു. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള സഞ്ജു, ഐപിഎല്ലിൽ സ്ഥിരമായി 400-500 റൺസ് നേടുന്ന താരവുമാണ്. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സഞ്ജു, 2024ലെ ടി20 ലോകകപ്പ് ടീമിലും ഇടം നേടിയിരുന്നു.