മത്സരത്തിനിടെ എതിര്‍ത്താരവുമായി തര്‍ക്കം; അംപയറുടെ തീരുമാനം ചോദ്യം ചെയ്തു; പിന്നാലെ താരത്തിന് കിട്ടിയത് എട്ടിന്റെ പണി; അച്ചടക്ക ലംഘനത്തിന് ശിക്ഷ; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ. വ്യാഴാഴ്ച നടന്ന യുപി വാരിയേഴ്‌സിന് എതിരായ മത്സരത്തില്‍ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് സംസാരിച്ചതിന് ആണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ഇന്നിങ്‌സിലെ 19-ാം ഓവറിലാണ് സംഭവം. അവസാന ഓവറില്‍ മൂന്ന് ഫീല്‍ഡര്‍മാരെ മാത്രെ സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യിക്കാന്‍ സാധിക്കുകയുള്ളു എന്ന് അംപയര്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ അറിയിച്ചു. മുംബൈയുടെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ സര്‍ക്കിളിന് പുറത്ത് മൂന്ന് ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താനാവു എന്ന അംപയറുടെ നിര്‍ദേശം ചോദ്യം ചെയ്ത് ഹര്‍മന്‍പ്രീത് കൗര്‍ എത്തി. അംപയറുമായി ഹര്‍മന്‍പ്രീത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് താരം അമേലിയ കെറും അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് ഹര്‍മന്‍പ്രീതിനൊപ്പം നിന്നു. ഇതിന് പുറമെ യുപി വാരിയേഴ്‌സ് താരം സോഫി എക്ലസ്റ്റണുമായി ഹര്‍മന്‍പ്രീത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന യുപിയുടെ ഇംഗ്ലീഷ് താരം അംപയറുടെ സമീപം എത്തി എന്തോ വിശദീകരിച്ചു. ഇതാണ് ഹര്‍മന്‍പ്രീതിനെ പ്രകോപിപ്പിച്ചത്.
അംപയറുമായുള്ള സംഭാഷണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ എക്ലസ്റ്റനോട് ഹര്‍മന്‍പ്രീത് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്‌ക്വയര്‍ ലെഗ് അംപയറും യുപി വാരിയേഴ്‌സ് ക്യാപ്റ്റന്‍ ദീപ്തി ശര്‍മയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അപയറുടെ തീരുമാനത്തെ എതിര്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 2.8ല്‍ വരുന്ന ലെവല്‍ 1 കുറ്റമാണ് ഹര്‍മന്‍പ്രീത് കൗര്‍ ചെയ്തത് എന്നാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നത്. ലെവല്‍ 1 അച്ചടക്ക ലംഘനത്തില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.
നാല് മിനിറ്റ് പിന്നിലായിരുന്നു മുംബൈയുടെ ഓവര്‍ റേറ്റ് എന്ന് ഇന്ത്യന്‍ മുന്‍ താരം മിതാലി രാജ് പറഞ്ഞു. ഇതോടെ സര്‍ക്കിളിന് ഉള്ളില്‍ ഒരു എക്‌സ്ട്രാ ഫീല്‍ഡറെ അവര്‍ നിര്‍ത്തണം. ബൗണ്ടറി ലൈനിന് സമീപം മൂന്ന് ഫീല്‍ഡര്‍മാരെയെ ഈ സാഹചര്യത്തില്‍ അനുവദിക്കാനാവു, മിതാലി രാജ് ചൂണ്ടിക്കാണിച്ചു.