കേരളത്തിലെ യുവപ്രതിഭകളെ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്; കെസിഎൽ മത്സരം കാണാൻ കിരൺ മോറെ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിൻ്റെ ഉദ്ഘാടന മത്സരങ്ങൾ കാണാനെത്തിയ പ്രമുഖരിൽ മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ സ്കൗട്ടുമായ കിരൺ മോറെ. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) കേരളത്തിൽ നിന്നുള്ള പുതിയ താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മൊറേയുടെ വരവ്. കേരളത്തിലെ യുവ ക്രിക്കറ്റർമാരുടെ ഐപിഎൽ സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് മോറെയുടെ ഈ സന്ദർശനം.
രാജ്യത്തെ ഏറ്റവും മികച്ച ടാലൻ്റ് സ്കൗട്ടിംഗ് ശൃംഖലകളിലൊന്നാണ് മുംബൈ ഇന്ത്യൻസിനുള്ളത്. കഴിഞ്ഞ സീസണിൽ കെസിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂർ എന്ന യുവതാരത്തെ കണ്ടെത്തി ടീമിൻ്റെ ഭാഗമാക്കിയത് മുംബൈയുടെ സ്കൗട്ടിംഗ് ടീമായിരുന്നു. ഈ വിജയത്തിൻ്റെ തുടർച്ചയായാണ് കിരൺ മോറെ ഇത്തവണ നേരിട്ട് മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരിക്കുന്നത്.
ഉദ്ഘാടന മത്സരത്തിലെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച കിരൺ കളിക്കാരുടെ പ്രകടനം വിലയിരുത്തി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്നവരെയും ഡെത്ത് ഓവറുകളിൽ മികവ് പുലർത്തുന്ന ബൗളർമാരെയുമാണ് മുംബൈ ഇന്ത്യൻസ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. ലീഗിലെ പ്രധാന കളിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചതായും റിപ്പോർട്ടുകളുണ്ട്.
സഞ്ജു സാംസണെപ്പോലുള്ള താരങ്ങൾ ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ടെങ്കിലും ഐപിഎൽ ടീമുകളിലെ മലയാളി സാന്നിധ്യം ഇപ്പോഴും പരിമിതമാണ്. ഈ കുറവ് പരിഹരിക്കാനും യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും കെസിഎൽ പോലുള്ള ടൂർണമെൻ്റുകൾ നിർണായകമാണ്. കിരൺ മോറെയുടെ സാന്നിധ്യം കെസിഎല്ലിൻ്റെ പ്രാധാന്യം വർധിപ്പിക്കുകയും വരും ദിവസങ്ങളിൽ മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുമാരെയും ആകർഷിക്കാൻ സാധ്യതയുണ്ട്.