അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ അശ്വിന്റെ ജഴ്‌സി നമ്പര്‍ 99-നെ വല്ലാതെ മിസ് ചെയ്യും; പ്രതികൂല നിമിഷങ്ങളിലും അശ്വിന്റെ ആത്മാര്‍ഥതയും പ്രതിബദ്ധതയും മുന്നില്‍നിന്നു; അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോള്‍ ടീമിന് വേണ്ടി തിരികെ പറന്ന അശ്വിന്‍: കത്തെഴുതി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നത്. ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഒസീസിനോട് സമനില വഴങ്ങിയതിന് ശേഷമായിരുന്നു അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കലിന് ശേഷം നിരവധി താരങ്ങള്‍ ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഇതാ അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഹൃദയസ്പര്‍ശിയായ കത്തെഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഠിനാധ്വാനം നിറഞ്ഞ, മറ്റെല്ലാത്തിലുമുപരി ടീമിന് പ്രഥമ പരിഗണന നല്‍കിയ അശ്വിന്റെ കരിയറിനെ മോദി അഭിനന്ദിച്ചു. 'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ അശ്വിന്റെ ജഴ്‌സി നമ്പര്‍ 99-നെ വല്ലാതെ മിസ് ചെയ്യും. അശ്വിന്‍ പന്തെറിയാനെത്തുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് തോന്നിയിരുന്ന പ്രതീക്ഷ നഷ്ടമാകും. ഇരയെ കുടുക്കുന്നതിന് എതിരാളിക്ക് ചുറ്റം താങ്കളൊരു വല നെയ്യുകയാണെന്ന തോന്നല്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റര്‍മാരെ പുറത്താക്കാനുള്ള അസാമാന്യ കഴിവ് അശ്വിനുണ്ട്.
പ്രതികൂല നിമിഷങ്ങളിലും അശ്വിന്റെ ആത്മാര്‍ഥതയും പ്രതിബദ്ധതയും മുന്നില്‍നിന്നു. അമ്മ ആശുപത്രിയിലായപ്പോള്‍ ടീമിനുവേണ്ടി അദ്ദേഹം തിരികെപറന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കുടുംബമായി ബന്ധപ്പെടാനാകാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിങ്ങള്‍ കളിച്ച സമയം എല്ലാവരും ഓര്‍ക്കുന്നു', പ്രധാനമന്ത്രി കത്തില്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ അശ്വിന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ് ഒരുക്കിയിരുന്നു. അശ്വിനെ പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞുമാണ് വീട്ടിലേക്ക് സ്വീകരിച്ചത്. 106 ടെസ്റ്റുകളില്‍നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ്. ഇന്ത്യന്‍ താരങ്ങളില്‍ 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെക്ക് പിന്നില്‍ രണ്ടാമന്‍. 132 ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും സഹിതം 3503 റണ്‍സുമെടുത്തിട്ടിട്ടുണ്ട്. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 707 റണ്‍സും നേടി. 65 ടി 20 മത്സരങ്ങളില്‍ നിന്ന് 184 റണ്‍സും 75 വിക്കറ്റുകളും നേടി.