മൂന്നാം വിക്കറ്റിൽ ബ്രൂക്കും സാള്‍ട്ടും ചേർന്ന് അടിച്ചു കൂട്ടിയത് 129 റൺസ്; വെടിക്കെട്ടോടെ ഫിനിഷ് ചെയ്ത് ടോം ബാന്റൺ; ന്യൂസിലൻഡിന് 65 റൺസിന്റെ തോൽവി; ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ

Update: 2025-10-20 13:27 GMT

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 65 റൺസിന്റെ വമ്പൻ വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിന്റെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് അർധസെഞ്ചുറികളുടെ കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് 18 ഓവറിൽ വെറും 171 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഈ വിജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

ഇംഗ്ലണ്ട് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലൻഡ് നിരയിൽ ടിം സീഫെർട്ട് (29 പന്തിൽ 39), മാർക്ക് ചാപ്മാൻ (24 പന്തിൽ 28), മിച്ചൽ സാന്റ്നർ (15 പന്തിൽ 36), ജെയിംസ് നീഷാം (13 പന്തിൽ 17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 32 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ലൂക്ക് വുഡ്, ബ്രെയ്ഡൻ കാർസ്, ലിയാം ഡോസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണർ ഫിൽ സാൾട്ട് 56 പന്തിൽ 85 റൺസെടുത്തപ്പോൾ, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 35 പന്തിൽ 78 റൺസെടുത്തു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചു. പവർപ്ലേ അവസാനിച്ചതിന് ശേഷം ക്രീസിലൊന്നിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 11.2 ഓവറിൽ 129 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ബ്രൂക്ക് 22 പന്തിലും സാൾട്ട് 33 പന്തിലുമായിരുന്നു അർധസെഞ്ചുറി നേടിയത്.

ജേക്കബ് ബേഥൽ (12 പന്തിൽ 24), സാം കറൻ (12 പന്തിൽ 29*) എന്നിവരുഡി ബാറ്റിങ് ഇംഗ്ലണ്ടിനെ 200 കടത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. 

Tags:    

Similar News