സഞ്ജുവിനെ ഓപ്പണറാക്കാന്‍ അന്നേ പറഞ്ഞതാണ്; രാജസ്ഥാന്‍ അത് ചെവികൊണ്ടില്ല; വേണമെങ്കില്‍ 20 ഓവറും പതറാകെ ബാറ്റു ചെയ്യാനുള്ള കഴിവുണ്ട്; പിന്തുണച്ച് അംബാട്ടി റായുഡു

ജയ്സ്വാളിനൊപ്പം സഞ്ജുവിനെ ഓപ്പണറാക്കി കളിപ്പിക്കണം

Update: 2024-11-21 11:31 GMT

മുംബൈ: ഓപ്പണറായി കളിക്കാനുള്ള സഞ്ജു സാംസണിന്റെ മിടുക്ക് നന്നായി അറിയാമായിരുന്നുവെന്നും തന്റെ നിര്‍ദ്ദേശം രാജസ്ഥാന്‍ റോയല്‍സ് ചെവിക്കൊണ്ടില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലു മത്സരങ്ങളില്‍ രണ്ടു സെഞ്ചറികള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റായിഡുവിന്റെ പരാമര്‍ശം. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിനെ ഓപ്പണറാക്കണമെന്നു താന്‍ മുന്‍പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റായുഡു ഒരു ചര്‍ച്ചയില്‍ പ്രതികരിച്ചു.

ഇന്ത്യക്ക് വേണ്ടി ട്വന്റി 20യില്‍ ഓപ്പണറായി അരങ്ങേറിയ ശേഷം സഞ്ജു സാംസണ് നല്ല സമയമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരെ ഒന്നും, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് വീതം സെഞ്ചുറി സഞ്ജു നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ സഞ്ജുവിനെ പിന്തുണച്ച് മുന്‍പ് പറഞ്ഞകാര്യം റായിഡു ഓര്‍മ്മപ്പെടുത്തിയത്.

''ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്ററായി യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണ്‍ ഇറങ്ങണമെന്നു ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണ്. ഓപ്പണറുടെ റോളില്‍ ഇന്നിങ്‌സ് നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സഞ്ജുവിനു സാധിക്കും. വേണമെങ്കില്‍ 20 ഓവറും പതറാകെ ബാറ്റു ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. പ്ലേ ഓഫില്‍ കടക്കുന്നതിന് സഞ്ജുവിന്റെ ആ കഴിവ് നിര്‍ണായകമാകുമായിരുന്നു. എന്നാല്‍ ആ സീസണിലെ മത്സരങ്ങളില്‍ ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് രാജസ്ഥാന്‍ ഓപ്പണറാക്കിയത്.'' റായുഡു ഒരു ചര്‍ച്ചയില്‍ പ്രതികരിച്ചു.

''അങ്ങനെയൊരു തീരുമാനം രാജസ്ഥാന്റെ സീസണ്‍ തന്നെ ഇല്ലാതാക്കി. ഒരുപാട് ചിന്തിക്കുന്നതു മൂലമാണ് രാജസ്ഥാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മൂന്നാം നമ്പരില്‍ ഇറങ്ങിയാലും സഞ്ജു നന്നായി കളിക്കുന്നുണ്ട്.'' റായുഡു വ്യക്തമാക്കി. രാജസ്ഥാന്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതിനു മുന്‍പ് അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം ടീമിന്റെ ഓപ്പണറായി സഞ്ജു തിളങ്ങിയിട്ടുണ്ട്. അടുത്ത സീസണില്‍ യശസ്വി ജയ്‌സ്വാളും സഞ്ജുവുമായിരിക്കും രാജസ്ഥാന്റെ ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ രാജസ്ഥാന്‍ അടുത്ത സീസണിലേക്കു ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. ബട്‌ലര്‍ക്കു പരുക്കേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു രാജസ്ഥാന്റെ തീരുമാനം. ബട്‌ലറെ ടീം ലേലത്തില്‍ വാങ്ങാനുള്ള സാധ്യതയും കുറവാണ്. പുതിയ ഓപ്പണറെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സഞ്ജു തന്നെ ടീമിലെ ഓപ്പണര്‍ സ്ഥാനവും ഏറ്റെടുത്തേക്കും. മൂന്നാം സ്ഥാനം ധ്രുവ് ജുറലിന് കൈമാറാനും സാധ്യയേറെ.

Tags:    

Similar News