അംപയര്‍മാരെയും ക്രിക്കറ്റിനെയും ബഹുമാനിക്കുന്നില്ലെന്ന് മാര്‍ക് ടെയ്‌ലര്‍; പിഴ ശിക്ഷയില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതായി മൈക്കല്‍ ക്ലാര്‍ക്ക്; തല പെരുത്തിരിക്കാമെന്ന് സൈമണ്‍ കാറ്റിച്ചും; സിറാജിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസിസ് താരങ്ങള്‍
സിറാജിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസിസ് താരങ്ങള്‍
അഡ്ലെയ്ഡ്: ഗവസ്‌കര്‍ ബോര്‍ഡര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ കടുത്ത വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങള്‍. ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓസിസ് മുന്‍ താരങ്ങളുടെ പ്രതികരണങ്ങള്‍. മുഹമ്മദ് സിറാജ് ഗ്രൗണ്ടില്‍ അച്ചടക്കമില്ലാതെയാണ് പെരുമാറുന്നതെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍മാരായ മാര്‍ക് ടെയ്‌ലറും മൈക്കല്‍ ക്ലാര്‍ക്കും തുറന്നടിച്ചു. എല്‍ബിഡബ്ല്യു പോലുള്ള അവസരങ്ങളില്‍ വിക്കറ്റാണെന്നു കരുതി ആഘോഷിക്കുന്ന രീതിയിലാണ് സിറാജ് അപ്പീല്‍ ചെയ്യുന്നതെന്നും ഇന്ത്യന്‍ താരം അംപയര്‍മാരെ ബഹുമാനിക്കുന്നില്ലെന്നും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍മാര്‍ തുറന്നടിച്ചു.
ടെയ്ലര്‍ക്കു പിന്നാലെ മുന്‍ താരം സൈമണ്‍ കാറ്റിച്ചും ഇന്ത്യന്‍ പേസറെ വിമര്‍ശിച്ചു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് പക്ഷേ സിറാജിന്റെ സ്ഥാനത്ത് ആരായാലും ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നു പറയുന്നു. ഹെഡിനെ പുറത്താക്കിയ ശേഷം സിറാജ് ഗ്രൗണ്ടില്‍ നടത്തിയ അമിതാവേശ പ്രകടനങ്ങളാണ് വിമര്‍ശനത്തിനു ഇടയാക്കിയത്. ഇന്ത്യന്‍ ടീമിലെ സഹ താരങ്ങള്‍ മുഹമ്മദ് സിറാജിനെ ഉപദേശിച്ച് നേരെയാക്കണമെന്നു ടെയ്ലര്‍ വ്യക്തമാക്കി.
'രണ്ടാം ടെസ്റ്റില്‍ സിറാജിന്റെ ഗ്രൗണ്ടിലെ പെരുമാറ്റമാണ് ഏറ്റവും മോശമായ കാര്യമെന്നാണ് എന്റെ അഭിപ്രായം. ആവേശം നല്ലതാണ്. അത്തരം അഗ്രസീവായ കാര്യങ്ങളും എനിക്കിഷ്ടമാണ്. എന്നാല്‍ അതിനൊരു പരിധിയില്ലേ. കളിയുടെ അന്തസും മാന്യതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ബാധ്യസ്ഥരല്ലേ. പ്രത്യേകിച്ച് മുതിര്‍ന്ന താരങ്ങള്‍ ആകുമ്പോള്‍. ഹെഡിന്റെ പെരുമാറ്റത്തിലും കുഴപ്പങ്ങളുണ്ട്. ഇരു ടീമിലേയും നായകന്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം'- ടെയ്ലര്‍ വ്യക്തമാക്കി.
'സിറാജിന് ആ സമയത്ത് തല പെരുത്തിരിക്കാം. ഒരുപക്ഷേ അതായിരിക്കാം ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം. എന്നാല്‍ കളിയില്‍ ഇത്തരം കാര്യങ്ങള്‍ ആവശ്യമില്ല'- സൈമണ്‍ കാറ്റിച്ച്. 'ഇത്തരമൊരു ഘട്ടത്തില്‍ ആര്‍ക്കായാലും അല്‍പ്പം പിടിവിടും. തന്റെ പ്രകടനത്തിലും ടീമിന്റെ അവസ്ഥയുമൊക്കെയായിരിക്കും ഒരു താരത്തെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്'- മിച്ചല്‍ സ്റ്റാര്‍ക്ക്.
രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഓസീസ് ജയത്തിനു ഇന്ധനം പകര്‍ന്ന ട്രാവിസ് ഹെഡിനെതിരായ സിറാജിന്റെ പെരുമാറ്റമാണ് വലിയ ചര്‍ച്ചയായത്. മത്സരത്തില്‍ 140 റണ്‍സെടുത്ത ഹെഡിനെ സിറാജാണ് പുറത്താക്കിയത്. പിന്നാലെ സിറാജ് താരത്തെ നോക്കി മോശം പദങ്ങള്‍ ഉപയോഗിച്ചതും അമിത ആവേശത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളുമായി കളത്തില്‍ പെരുമാറിയതും സംഭവത്തെ കൂടുതല്‍ വിവാദത്തിലേക്ക് നയിച്ചു. ഔട്ടായി മടങ്ങുന്നതിനിടെയാണ് ഇരു താരങ്ങളും തമ്മില്‍ പരസ്പരം ചീത്ത വിളിച്ചത്.
എന്നാല്‍ താന്‍ സിറാജിന്റെ ബൗളിങ് നന്നായി എന്നു അഭിനന്ദിക്കുകയാണു ചെയ്തത് എന്നായിരുന്നു ഹെഡിന്റെ വാദം. സംഭവത്തിനു പിന്നാലെ ഇരുവര്‍ക്കുമെതിരെ ഐസിസി ശിക്ഷയും നടപ്പാക്കി. ഇതില്‍ സിറാജിന് 20 ശതമാനം ഫീയും ഡി മെറിറ്റ് പോയിന്റുമായിരുന്നു ശിക്ഷ. ഹെഡിനു ഡി മെറിറ്റ് പോയിന്റും.