45 പന്തില്‍ 84 റണ്‍സുമായി രഹാനെ; ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷായും ഷെഡ്ജെയും ദുബെയും; വിദര്‍ഭയുടെ റണ്‍മല മറികടന്ന് മുംബൈ; ആറ് വിക്കറ്റ് ജയത്തോടെ മുഷ്താഖ് അലി ട്വന്റി 20 സെമിയില്‍
ആറ് വിക്കറ്റ് ജയത്തോടെ മുംബൈ മുഷ്താഖ് അലി ട്വന്റി 20 സെമിയില്‍
ആളൂര്‍: റണ്‍മല ഉയര്‍ത്തി വെല്ലുവിളിച്ച വിദര്‍ഭയെ ആറ് വിക്കറ്റിന് കീഴടക്കി മുംബൈ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 സെമി ഫൈനലില്‍. ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 84 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് മുംബൈയുടെ ഹീറോ.
പൃഥ്വി ഷാ (22 പന്തില്‍ 49), സൂര്യന്‍ഷ് ഷെഡ്ജെ (12 പന്തില്‍ പുറത്താവാതെ 36), ശിവം ദുബെ (22 പന്തില്‍ 37) നിര്‍ണായ പ്രകടനം പുറത്തെടുത്തു. നേരത്തെ അഥര്‍വ തൈഡെ (41 പന്തില്‍ 66), അപൂര്‍വ് വാംഖഡെ (33 പന്തില്‍ 51) എന്നിവുരടെ ഇന്നിംഗ്സുകളാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗില്‍ രഹാനെ - പൃഥ്വി സഖ്യം ഗംഭീര തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പൃഥ്വിയെ ദിപേഷ് പര്‍വാനി പുറത്താക്കി. 26 പന്തുകള്‍ നേരിട്ട താരം നാല് സിക്സും അഞ്ച് ഫോറും നേടിയുരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ വന്നതുപോലെ മടങ്ങി. ഇതോടെ മുന്നിന് 118 എന്ന നിലയിലായി മുംബൈ. രണ്ട് വിക്കറ്റ് പൊടുന്നനെ പോയെങ്കിലും ഒരറ്റത്ത് രഹാനെ പിടിച്ചുനിന്നു.
ശിവം ദുബെയ്ക്കൊപ്പം 39 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. 45 പന്തുകള്‍ നേരിട്ട രഹാനെ മൂന്ന് സിക്സും 10 ഫോറും നേടിയിരുന്നു. രഹാനെ കൂടി മടങ്ങിയതോടെ മുംബൈ അല്‍പം പ്രതിരോധത്തിലായി. അപ്പോഴാണ് ഷെഡ്ജെ അവതരിച്ചത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ താരം ശിവം ദുബെയെ കൂട്ടുപിടിച്ച് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. 12 പന്തുകള്‍ മാത്രം നേരിട്ട ഷെഡ്ജെ നാല് സിക്സും ഒരു ഫോറും നേടി. ദുബെ 22 പന്തില്‍ 37 റണ്‍സ് നേടി. രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. ഇരുവും 67 റണ്‍സാണ് അടിച്ചെടുത്തത്.
നേതത്തെ തൈഡെ, വാംഖഡെ എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ക്ക് പുറമെ ശുഭം ദുബെ (19 പന്തില്‍ പുറത്താവാതെ 43) മികച്ച പ്രകടനം പുറത്തെടുത്തു. കരുണ്‍ നായര്‍ (26), പാര്‍ത്ഥ് രെഖാദെ (1), ജിതേഷ് ശര്‍മ (11), മന്ദാര്‍ മഹലെ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ഷ് ദുബെ (0) പുറത്താവാതെ നിന്നു. അഥര്‍വ അംഖോലേകര്‍, ഷെഡ്ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.