'രഹാനെയും പൂജാരയും ഇതുവരെ വിരമിച്ചിട്ടില്ല; ഇനി തിരിച്ചെത്തില്ലെന്നും പറയാനാകില്ല; അതുപറഞ്ഞ് നിങ്ങള്‍ എന്നെ ദയവുചെയ്ത് കൊലക്ക് കൊടുക്കരുത്'; അശ്വിന്റെ വിരമിക്കലിനിടെ 'ആ അബദ്ധം' തിരിച്ചറിഞ്ഞ് രോഹിത് ശര്‍മ
'അതുപറഞ്ഞ് നിങ്ങള്‍ എന്നെ ദയവുചെയ്ത് കൊലക്ക് കൊടുക്കരുത്'
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസ താരം ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ അപ്രതീക്ഷിതമായിരുന്നു അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന നിര്‍ണായക പ്രഖ്യാപനം നടത്തി അശ്വിന്‍ മടങ്ങിയപ്പോള്‍ രോഹിതിനോട് പിന്നീട് ചോദ്യങ്ങളെല്ലാം അശ്വിനെക്കുറിച്ചായി. പതിനേഴാം വയസ് മുതല്‍ അശ്വിനുമൊത്ത് കളിക്കുന്ന കാലം ഓര്‍ത്തെടുത്ത രോഹിത്തും ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുടെ അസാന്നിധ്യത്തെക്കുറിച്ച് വാചാലനായി. ഇതിനിടെ അശ്വിനും അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയുമൊന്നുമില്ലാത്തൊരു ഇന്ത്യന്‍ ടീമിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ രോഹിത്തിനോട് ചോദിച്ചു.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും തങ്ങളെല്ലാം എക്കാലവും സുഹൃത്തുക്കളായിരിക്കുമെന്ന് രോഹിത് പറഞ്ഞു. പരമ്പരകള്‍ക്കിടെയുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്നെയുള്ളു. അശ്വിനെ വൈകാതെ ഏതെങ്കിലും ബ്രോഡ്കാസ്റ്റര്‍മാരുടെ വിദഗ്ദനായി നിങ്ങള്‍ക്കൊപ്പം നമുക്ക് കാണാനാകും. രഹാനെ മുംബൈയില്‍ തന്നെ ആയതിനാല്‍ ഞങ്ങള്‍ ഇടക്കിടെ കാണാറുണ്ട്. എന്നാല്‍ പൂജാര രാജ്‌കോട്ടില്‍ എവിടെയോ ഒളിച്ചിരിക്കുകയാണ്, അതുകൊണ്ട് വല്ലപ്പോഴും മാത്രമാണ് കാണാറുള്ളത്.
എന്നാല്‍ തന്റെ പ്രസ്താവന അശ്വിനെ കുറിച്ച് മാത്രമല്ല ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കാത്ത രഹാനെയും പൂജാരയെയും കുറിച്ച് കൂടിയാണെന്നതിനാല്‍ അബദ്ധം തിരിച്ചറിഞ്ഞ രോഹിത് ഉടനെ തിരുത്തി.
ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ, രഹാനെയും പൂജാരയും ഇതുവരെ വിരമിച്ചിട്ടില്ല, അതുപറഞ്ഞ് നിങ്ങള്‍ എന്നെ ദയവുചെയ്ത് കൊലക്ക് കൊടുക്കരുത്. നിങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിന്റെ കൂട്ടത്തില്‍ പറഞ്ഞതാണ്. ഈ സമയത്തം ഈ മൂന്ന് പേരും ടീമിനൊപ്പമില്ലെന്ന് മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളു.
അശ്വിന്‍ മാത്രമെ ഔദ്യോഗികമായി വിരമിച്ചിട്ടുള്ളു. രഹാനെയും പൂജാരയും ഇതുവരെ വിരമിച്ചിട്ടില്ല, ടീമില്‍ അവര്‍ ഇനി തിരിച്ചെത്തില്ലെന്നും പറയാനാകില്ല. അവര്‍ക്കുവേണ്ടി ടീമിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മാത്രം കളിച്ച അശ്വിന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.
106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്രം 3503 റണ്‍സാണ് അശ്വിന്‍ അടിച്ചെടുത്തത്.
അശ്വിന്‍ വിരമിക്കുന്ന കാര്യം പെര്‍ത്തില്‍ വച്ചുതന്നെ എന്നോട് പറഞ്ഞിരുന്നു. ഞാനാണ് അദ്ദേഹത്തോട് കാത്തിരിക്കാന്‍ പറഞ്ഞത്. അഡ്ലെയ്ഡില്‍ നടക്കുന്ന പിങ്ക് പന്ത് ടെസ്റ്റില്‍ കളിച്ചിട്ട് തീരുമാനമെടുക്കാമെന്ന് ഞാനദ്ദേഹത്തോട് പറയുകയായിരുന്നു.'' രോഹിത് വ്യക്തമാക്കി.