ഋഷഭ് പന്തിനെ പുറത്താക്കിയതില്‍ ട്രാവിസ് ഹെഡിന്റെ വിചിത്ര ആഘോഷം; വിവാദ ആക്ഷന്റെ അര്‍ഥം തിരഞ്ഞ് ആരാധകര്‍; ഇന്ത്യ സിഡ്‌നി ടെസ്റ്റ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യം; അശ്ലീല ആംഗ്യമല്ലെന്ന് വിശദീകരിച്ച് പാറ്റ് കമിന്‍സ്

അശ്ലീല ആംഗ്യമല്ലെന്ന് വിശദീകരിച്ച് പാറ്റ് കമിന്‍സ്

Update: 2024-12-30 14:12 GMT

മെല്‍ബണ്‍: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ ട്രാവിസ് ഹെഡ് നടത്തിയ വ്യത്യസ്ത രീതിയിലുള്ള ആഘോഷം വിവാദത്തില്‍. മെല്‍ബണില്‍ രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ ശോഭിക്കാതെ പോയ ട്രാവിസ് ഹെഡ്, മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് പന്തിന്റെ വിക്കറ്റെടുത്ത ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം വരുത്തിവച്ച വിക്കറ്റ് ആഘോഷം.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, നാലാം വിക്കറ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് കരകയറ്റുന്നതിനിടെയാണ് പന്തിനെ ട്രാവിസ് ഹെഡ് പുറത്താക്കിയത്. 104 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത പന്തിനെ അനാവശ്യ ഷോട്ടിന് ശ്രമിച്ചതോടെ ബൗണ്ടറിക്കു സമീപം മിച്ചല്‍ മാര്‍ഷാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് വിവാദമായി മാറിയ ആക്ഷനുമായി ഹെഡ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ട്രാവിസ് ഹെഡിന്റെ വിവാദ ആക്ഷനെതിരെ കടുത്ത വിമര്‍ശനമാണ് ഒരു വിഭാഗം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത്. ഈ ആഘോഷത്തിന്റെ പേരില്‍ ഹെഡിനെ ഒരു മത്സരത്തില്‍നിന്ന് വിലക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നു. ഹെഡിനെ വിലക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തയാറാകുന്നില്ലെങ്കില്‍ ഇന്ത്യ സിഡ്‌നി ടെസ്റ്റ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് രംഗത്ത് വന്നു. പന്തിന്റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കി ഹെഡ് കാണിച്ച ആംഗ്യം അല്‍പം കടന്നുപോയെന്നും അശ്ലലീമാണെന്നും പിന്നാലെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ലെന്നും 2022ല്‍ ശ്രീലങ്കക്കെതിരെ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്നും ചാനല്‍-7 കമന്റേറ്ററായ ബ്രേ ഷാ പറഞ്ഞു. ഐസ് കട്ടയില്‍ അക്കങ്ങള്‍ എഴുതുന്നതുപോലെയാണ് താന്‍ വിക്കറ്റെടുത്തതെന്നാണ് അന്ന് ഹെഡ് കാണിച്ചതെന്ന് ബ്രേ ഷാ പറഞ്ഞു.

ഓസീസ് നായകന്‍ പാറ്റ് കമിന്‍സും സമാനമായ വിശദീകരണമാണ് നല്‍കിയത്. ഹെഡ് എന്താണ് കാണിച്ചതെന്ന് ഞാന്‍ വിശദീകരിക്കാം.അവന്റെ വിരലുകള്‍ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് കൈവിരലുകള്‍ ഒരു ഐസ് കപ്പില്‍ ഇട്ടുവെക്കണമെന്നാണ് അവന്‍ ഉദ്ദേശിച്ചത്. അതല്ലതെ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല. അത് ഞങ്ങള്‍ക്കിടയിലെ സാധാരണ തമാശയാണ്. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നാണ് പാറ്റ് കമിന്‍സിന്റെ വിശദീകരണം. എന്തായാലും ഹെഡിന്റെ ആംഗ്യം ആഭാസത്തരമാണെന്നും അശ്ലീലമാണെന്നുമെന്ന നിലപാടില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും പുറകോട്ടുപോയിട്ടില്ല.

ഋഷഭ് പന്ത് വീണതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണ്‍ ടെസ്റ്റില്‍ 184 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു. തോല്‍വിയോടെ പരമ്പരയില്‍ 1-2ന് ഇന്ത്യ പിന്നിലാവുകയും ചെയ്തു.

Tags:    

Similar News