ബംഗാളിനോട് 24 റണ്‍സിന്റെ തോല്‍വി; വിജയ് ഹസാരെ ട്രോഫിയില്‍ സീസണിലെ നാലാം മത്സരത്തിലും ജയം നേടാതെ കേരളം; ഇത്തവണ നിരാശപ്പെടുത്തി ബാറ്റര്‍മാര്‍

വിജയ് ഹസാരെ ട്രോഫിയില്‍ സീസണിലെ നാലാം മത്സരത്തിലും ജയം നേടാതെ കേരളം

Update: 2024-12-31 12:22 GMT

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ സീസണിലെ നാലാം മത്സരത്തിലും ജയം നേടാതെ കേരളം. ഇത്തവണ കരുത്തരായ ബംഗാളാണ് കേരളത്തെ തകര്‍ത്തത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് ബംഗാളിന്റെ വിജയം. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കേരളത്തിന് ഇതുവരെയും ജയം നേടാനാകാത്തത് ആരാധകരെ നിരാശപ്പെടുത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാള്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 206 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 46.5 ഓവറില്‍ കേരളം 182 റണ്‍സിന് എല്ലാവരും പുറത്തായി. 103 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ശക്തരായ ബറോഡയോട് 62 റണ്‍സിനു തോറ്റ കേരളം, മൂന്നാം മത്സരത്തില്‍ ഡല്‍ഹിയോട് 29 റണ്‍സിനും തോറ്റു. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പോയിന്റ് പങ്കുവച്ചു.

കേരള നിരയില്‍ സല്‍മാന്‍ നിസാറിനു പുറമേ ഷോണ്‍ റോജര്‍, (50 പന്തില്‍ 29), രോഹന്‍ കുന്നുമ്മല്‍ (28 പന്തില്‍ 17), അഹമ്മദ് ഇമ്രാന്‍ (20 പന്തില്‍ 13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (36 പന്തില്‍ 26), ആദിത്യ സര്‍വതെ (16 പന്തില്‍ 14), ഷറഫുദ്ദീന്‍ (14 പന്തില്‍ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബംഗാളിനായി സയന്‍ ഘോഷ് 7.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കനിഷ്‌ക് മെയ്തി, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രദീപ്ത പ്രമാണിക്കിന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ, കൂട്ടത്തകര്‍ച്ചയ്ക്കിടെ അര്‍ധസെഞ്ചറിയുമായി ഒരു വശത്തു പൊരുതിനിന്ന പ്രദീപ്ത പ്രമാണിക്കിന്റെ ഇന്നിങ്‌സാണ് ബംഗാളിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പ്രമാണിക് 82 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 74 റണ്‍സുമായി പുറത്താകാതെ നിന്നു. കൗശിക് മെയ്തി (50 പന്തില്‍ 27), സുമന്ത ഗുപ്ത (42 പന്തില്‍ 24), കനിഷ്‌ക് സേത് (60 പന്തില്‍ 32), സുദീപ് ചാറ്റര്‍ജി (19 പന്തില്‍ 13) എന്നിവരുടെ സംഭാവനകള്‍ കൂടി ചേര്‍ന്നതോടെയാണ് ബംഗാള്‍ 200 കടന്നത്.

ഒരു ഘട്ടത്തില്‍ 101ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ബംഗാളിനെ, എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് കൗശിക് മെയ്തി പ്രദീപ്ത പ്രമാണിക് സഖ്യമാണ് കരകയറ്റിയത്. 95 പന്തുകള്‍ നേരിട്ട ഇരുവരും കൂട്ടിച്ചേര്‍ത്തത് 69 റണ്‍സ്.

കേരളത്തിനായി എം.ഡി.നിധീഷ് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജലജ് സക്‌സേന 10 ഓവറില്‍ 35 റണ്‍സ് വഴങ്ങിയും ബേസില്‍ തമ്പി 10 ഓവറില്‍ 39 റണ്‍സ് വഴങ്ങിയും ആദിത്യ സര്‍വതെ 10 ഓവറില്‍ 21 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News