പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പുറത്ത്; റിങ്കു സിംഗിന് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും; ശിവം ദുബെയും രമണ്‍ദീപ് സിങ്ങും പകരക്കാരായി ടീമില്‍; രണ്ടാം ട്വന്റി 20 മത്സരം വൈകിട്ട് ഏഴിന്
പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പുറത്ത്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ നിന്നും പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി. പരിക്കേറ്റ റിങ്കു സിംഗിന് രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരങ്ങള്‍ നഷ്ടമാകും.
ചെന്നൈയില്‍ നടക്കുന്ന രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായത്. വിദഗ്ധ പരിശോധനയ്ക്കായി താരത്തെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. രണ്ടാം മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് യുവതാരത്തിന് പരിക്കേറ്റ വിവരം ബിസിസിഐ അറിയിച്ചത്.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇടംകൈയ്യന്‍ ബാറ്റര്‍ റിങ്കു സിംഗിന് നടുവേദന അനുഭവപ്പെട്ടിരുന്നു. റിങ്കുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. ബിസിസിഐ മെഡിക്കല്‍ ടീം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു. ഇരുവര്‍ക്കും പകരക്കാരായി ശിവം ദുബെയെയും രമണ്‍ദീപ് സിങ്ങിനെയും ടീമില്‍ ഉള്‍പ്പെടുത്തി
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്റര്‍ അഭിഷേക് ശര്‍മ്മയുടെ കണങ്കാലിന് പരിക്കേറ്റതിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചില്ല. താരത്തിന്റെ പരുക്കില്‍ കാര്യമായ ഒന്നുമില്ലെന്നാണ് സൂചന. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിച്ച ശിവം ദുബെ ജനുവരി 28 ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായി രാജ്കോട്ടില്‍ ടീമിനൊപ്പം ചേരും.
ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് എഴുമണിക്ക് തുടക്കമാകും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരവും വിജയിച്ച് ഇംഗ്ലണ്ടിനുമേല്‍ ആധിപത്യം ഉയര്‍ത്താനാവും ഇന്ത്യന്‍ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ സഞ്ജു 20 പന്തില്‍ 26 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.
രണ്ടാം ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കേറ്റ നിതീഷിനും റിങ്കുവിനും പകരക്കാരായി ദ്രുവ് ജുറെലും രമണ്‍ദീപ് സിംഗും ഇടംപിടിച്ചേക്കും. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പിന്നാലെ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും. ആറാമനായി ദ്രുവ് ജുറെല്‍ എത്താനാണ് സാധ്യത. തുടര്‍ന്ന് അക്സര്‍ പട്ടേല്‍ കളിക്കും.
എട്ടാമനായി പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം രമണ്‍ദീപ് സിംഗ് ഇറങ്ങിയേക്കും. പരിക്ക് മാറി വന്ന ഷമിയെ പകരം പരിഗണിക്കുന്നതും ടീം ആലോചിച്ചേക്കും. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ രമണ്‍ദീപ് സിംഗിന് ഇടം ലഭിക്കില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയും തന്നെ ഇറങ്ങും. സ്പെഷ്യലിസ്റ്റ് പേസറായി അര്‍ഷ്ദീപ് സിംഗ് തുടരും.