അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി; ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി മുഹമ്മദ് ഷമി; പോരാട്ടവീര്യവുമായി തൗഹിദ് ഹൃദോയുടെ സെഞ്ചറിയും; ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് പ്രകടനവുമായി മിന്നിയ പേസര്‍ മുഹമ്മദ് ഷമിയുടെ മികവില്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ മധ്യനിര താരം തൗഹിദ് ഹൃദോയിയുടെ സെഞ്ചറിയാണ് കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 100 റണ്‍സ് തികയ്ക്കുമോയെന്ന് ആരാധകരെ ആശങ്കപ്പെടുത്തിയ ബംഗ്ലദേശ് ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത് 229 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു.
പത്തോവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലും ഹര്‍ഷിത് റാണയും രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ജേക്കര്‍ അലി ബംഗ്ലദേശിനായി അര്‍ധ സെഞ്ചറി നേടി പുറത്തായി. 114 പന്തുകളില്‍ 68 റണ്‍സാണു താരം നേടിയത്. തന്‍സിദ് ഹസന്‍ (25 പന്തില്‍ 25), റിഷാദ് ഹുസൈന്‍ (12 പന്തില്‍ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
അഞ്ചു പന്തുകള്‍ നേരിട്ട ഓപ്പണര്‍ സൗമ്യ സര്‍ക്കാരാണു ബംഗ്ലദേശ് നിരയില്‍ ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തു നേരിട്ട സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ എഡ്ജായ പന്ത് വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ പിടിച്ചെടുക്കുകയായിരുന്നു. ഹര്‍ഷിത് റാണയുടെ രണ്ടാം ഓവറില്‍ വിരാട് കോലി ക്യാച്ചെടുത്ത് ബംഗ്ലദേശ് ക്യാപ്റ്റനും പുറത്തായി. ഷമിയെറിഞ്ഞ ഏഴാം ഓവറില്‍ മെഹ്ദി ഹസനെ ഗില്‍ ക്യാച്ചെടുത്തു മടക്കി.
ഒന്‍പതാം ഓവറില്‍ പന്തെറിയാനെത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ രണ്ടാം പന്തില്‍ വിക്കറ്റെടുത്തു. ബംഗ്ലദേശ് നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്ന ഓപ്പണര്‍ തന്‍സിദ് ഹസന്‍ പുറത്തായി. ബംഗ്ലദേശ് ബാറ്ററുടെ ബാറ്റില്‍ എഡ്ജായ പന്ത് രാഹുല്‍ പിടിച്ചെടുത്തു. അംപയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ തുടര്‍ന്നതോടെ വിക്കറ്റ് നല്‍കി. തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖര്‍ റഹീമും സമാന രീതിയില്‍ ഗോള്‍ഡന്‍ ഡക്കായി. അടുത്ത പന്തില്‍ ജേക്കര്‍ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള അവസരം അക്ഷറിനു ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്യാച്ച് വിട്ടുകളയുകയായിരുന്നു.
ജേക്കര്‍ അലിയും തൗഹിദ് ഹൃദോയും 206 പന്തുകളില്‍ 154 റണ്‍സാണ് ബംഗ്ലദേശിനായി കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 189ല്‍ നില്‍ക്കെ ജേക്കര്‍ അലിയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. രണ്ടു സിക്‌സുകളും ആറു ഫോറുകളും ബൗണ്ടറി കടത്തിയ തൗഹിദ് 114 പന്തുകളിലാണ് സെഞ്ചറിയിലെത്തിയത്.
ലോക റെക്കോര്‍ഡുമായി ഷമിയുടെ തിരിച്ചുവരവ്
ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഇന്ന് ഷമി ബംഗ്ലാദേശിനെതിരെ സ്വന്തമാക്കി.
ഏകദിനത്തില്‍ 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്(5240 പന്തുകള്‍) ആണ് ഷമി ഇന്ന് മറികടന്നത്. സഖ്ലിയന്‍ മുഷ്താഖ്(5451 പന്തുകള്‍), ട്രെന്റ് ബോള്‍ട്ട്(5783 പന്തുകള്‍), വഖാര്‍ യൂനിസ്(5883) പന്തുകള്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പിന്നിലുള്ളത്.
104 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് (102 മത്സരങ്ങളില്‍) അതിവേഗം 200 വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ്. മുഹമ്മദ് ഷമിക്കൊപ്പം സഖ്ലിയന്‍ മുഷ്താഖും 104 മത്സരങ്ങളില്‍ 200 വിക്കറ്റ് തികച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തം പേരിലാക്കി. 59 വിക്കറ്റ് നേടിയിട്ടുള്ള സഹീര്‍ ഖാനെ മറികടന്നാണ് ഷമി 60 വിക്കറ്റുമായി ഇന്ത്യക്കാരില്‍ ഒന്നാമനായത്.