നാളെയും മികച്ച രീതിയില്‍ കളിക്കണം; ടീമിന്റെ ജയമാണ് പ്രധാനം; ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം; റണ്‍സ് അടിക്കുക എന്നതാണ് എന്റെ ചുമതല; ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരുണ്‍ നായര്‍; രഞ്ജി ഫൈനലിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഉയര്‍ത്തി കാട്ടിയ ആ ഒമ്പത് വിരലുകള്‍ ബിസിസിഐയ്ക്കുള്ള സന്ദേശമോ? ചര്‍ച്ചയാക്കി ആരാധകര്‍
കരുണ്‍ നായരുടെ സെഞ്ചുറി ആഘോഷം, ചര്‍ച്ചയാക്കി ആരാധകര്‍
നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലേക്ക് മുന്നേറിയതോടെ കേരളത്തിന്റെ കിരീട സ്വപ്‌നങ്ങള്‍ക്ക് മങ്ങല്‍ ഏറ്റിരിക്കുകയാണ്. നാലാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരുടെ മിന്നും പ്രകടനമാണ് ടീമിന് കരുത്തായത്. വിദര്‍ഭക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സ് നേടിയ കരുണ്‍ രണ്ടാം ഇന്നിങ്‌സില്‍ ശതകം തന്നെ തികച്ചു. 184ാം പന്തില്‍ ഏഴ് ക്ലാസ് ഫോറും രണ്ട് സ്‌റ്റൈലന്‍ സിക്‌സറുമടിച്ചാണ് കരുണ്‍ തന്റെ സെഞ്ച്വറിയിലെത്തിയത്. ഈ രഞ്ജി സീസണിലെ കരുണിന്റെ നാലാം ശതകമാണ് ഇത്. ഈ ആഭ്യന്തര സീസണിലെ ഒമ്പതാമത്തേതും. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറിയാണ് കരുണ്‍ നേടിയത്. ഫൈനലില്‍ വിദര്‍ഭയും കരുണും കേരളത്തിന് മേല്‍ കൃത്യമായ ആധിപത്യമാണ് നേടിയിരിക്കുന്നത്.
സെഞ്ച്വറിക്ക് ശേഷം താരത്തിന്റെ ആഘോഷ പ്രകടനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സെഞ്ച്വറിക്ക് ശേഷം സ്ഥിരം ശൈലിയില്‍ ബാറ്റും ഹെല്‍മെറ്റും ഉയര്‍ത്തിക്കാട്ടിയ കരുണ്‍ നായര്‍ പിന്നീട് കൈ വെച്ച് ഒമ്പത് വിരലുകള്‍ ഗാലറിക്ക് നേരെ കാണിച്ചു. ഈ സീസണിലെ തന്റെ ഒമ്പതാം സെഞ്ച്വറിയാണ് ഇതെന്ന് ഈ മലയാളി താരം വിളിച്ചുപറയുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ചിട്ടും യാതൊരു പരിഗണനയും നല്‍കാതിരുന്ന, മുടന്തന്‍ ന്യായങ്ങള്‍ അണിനിരത്തിയ സെലക്ടര്‍മാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ ഉന്നതന്‍മാര്‍ക്കും നേരെ കരുണ്‍ നായര്‍ വിളിച്ചുപറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റുകൂടിയാണ് ആ വിരലുകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
മത്സര ശേഷം മലയാളം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും കരുണ്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നു. നാളെയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യണം. ടീമിന്റെ ജയമാണ് പ്രധാനം. രഞ്ജി ട്രോഫിക്ക് ശേഷം ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. റണ്‍സ് അടിക്കുക എന്നതാണ് എന്റെ ചുമതല. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു കരുണ്‍ നായര്‍ പറഞ്ഞത്. റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് എന്റെ കയ്യിലുള്ളത്. എന്റെ കയ്യില്‍ ഒരു ഡിസിഷന്‍ മെക്കിംഗ് ഇല്ല. റണ്ണടിക്കണം, ടീമിനെ ജയിപ്പിക്കണം.
ആദ്യമായല്ല കരുണ്‍ രഞ്ജി ഫൈനലില്‍ സെഞ്ച്വറി തികക്കുന്നത്. 2014-15 സീസണില്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനെതിരെ 328 റണ്‍സ് നേടി കരുണ്‍ നായര്‍ കളിയിലെ താരമായിട്ടുണ്ട്. രഞ്ജി ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ ഇത് തന്റെ ഒമ്പതാം സെഞ്ച്വറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരുണിന്റെ ആഘോഷം. നേട്ടത്തിലെത്തിയതിന് പിന്നാലെ ഡ്രെസ്സിങ് റൂമിലേക്ക് തന്റെ ഒമ്പത് വിരലുകള്‍ കാട്ടിയായിരുന്നു കരുണ്‍ ആഘോഷിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ആറും രഞ്ജി ട്രോഫിയില്‍ മൂന്ന് സെഞ്ച്വറികളാണ് കരുണ്‍ അടിച്ചുകൂട്ടിയത്. രഞ്ജി ട്രോഫി ഫൈനലില്‍ 280 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും സഹിതം 132 റണ്‍സുമായി കരുണ്‍ നായര്‍ ക്രീസില്‍ തുടരുകയാണ്.
മിന്നുന്ന ഫോമില്‍ കരുണ്‍ നായര്‍
ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണിലും പിന്നീട് ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിലും ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യന്‍ ടീം ഈയിടെ അടിയറവ് പറഞ്ഞിരുന്നു. നിലവിലെ കളിക്കാരൊടെല്ലാം തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടു. ഇതിനിടെയിലാണ് ചാമ്പ്യന്‍സ് ട്രോഫി, ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര എന്നിവക്കുള്ള ടീം സെലക്ഷന്‍. വിജയ് ഹസാരെ ട്രോഫിയില്‍ 'ഗോഡ് മോഡില്‍' ബാറ്റ് വീശിക്കൊണ്ടിരുന്ന കരുണ്‍ ടീമിലേക്ക് ഒരു വിളി പ്രതീക്ഷിച്ചിരിക്കണം. ഇത്രയും താരങ്ങള്‍ മോശം ഫോമിലൂടെ കടന്നപോകുമ്പോള്‍ ഇംഗ്ലണ്ടിനെതിരെയുള്ള ബൈലാറ്റരല്‍ പരമ്പരയിലെങ്കിലും കരുണ്‍ ഒരു സ്ഥാനം തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഭംഗിയായി തഴയപ്പെട്ടു.
മറ്റുള്ള താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്താന്‍ ആവശ്യപ്പെട്ട ബി.സി.സി.ഐ അവിടെ മിന്നും പ്രകടനം കാഴ്ചവെച്ച കരുണിനെ കണ്ടില്ലെന്ന് നടിച്ചത് ഇരട്ടത്താപ്പിന്റെ ഒരു പ്രത്യേക പതിപ്പാണ്. കരുണിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യങ്ങള്‍ അന്ന് സെലക്ടര്‍മാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു, അല്ലെങ്കില്‍ അദ്ദേഹം ഒരു അവസരം അര്‍ഹിക്കുന്നില്ലെ എന്നും ബി.സി.സി.ഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന് നേരെ ചോദ്യം വന്നിരുന്നു. എന്നാല്‍ എല്ലാവരെയും അങ്ങനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നായിരുന്നു അഗാര്‍ക്കര്‍ അന്ന് തിരിച്ചു ചോദിച്ചത്.
വിജയ് ഹസാരെ ട്രോഫിയില്‍ അപ്പോള്‍ 750 റണ്‍സ് ശരാശരിയില്‍ ബാറ്റ് വീശിക്കോണ്ടിരിക്കുന്ന താരമായിരുന്നു കരുണ്‍ നായര്‍. ഒരിക്കലും അത് നിസാരമല്ലെന്ന് അഗാര്‍ക്കര്‍ അംഗീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും 15 പേരില്‍ ഒരാളാകാന്‍ അദ്ദേഹത്തിന് സാധിക്കില്ലത്രേ. എത്രയൊക്കെ റഡാറില്‍ ഇല്ലാതിരുന്ന താരമാണെന്ന് പറഞ്ഞാലും ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അയാള്‍ ഒരു അവസരം അര്‍ഹിച്ചിട്ടുണ്ട്. എന്നാല്‍ കരുണ്‍ അതില്‍ നിരാശനായില്ല.
വിജയ് ഹസാരെ ഫൈനലില്‍ കര്‍ണാടകയോട് തോറ്റ അദ്ദേഹം രഞ്ജിയുടെ രണ്ടാം ഘട്ടത്തില്‍ അതേ ഫോം കരുണ്‍ നിലനിര്‍ത്തി. ഒടുവില്‍ സീസണ്‍ അവസാനമായ രഞ്ജി ഫൈനലില്‍ കേരളത്തോട് മിന്നും പ്രകടനത്തോടെ ടീമിനേ അയാള്‍ വിജയത്തിലേക്ക് നയിക്കുകയാണ്. ഈ സീസണ്‍ തുടക്കത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനോട് കേരളത്തില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് കരുണ്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് മുന്നോട്ട് പോയില്ലെന്നും വിദര്‍ഭയില്‍ നിന്നും ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്നും കരുണ്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഏറ്റവും മികച്ച സീസണില്‍ കരുണും കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഇപ്പോള്‍ കേരള ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകും.