ചാമ്പ്യന്‍സ് ട്രോഫിയിലെ നാണംകെട്ട പുറത്താകല്‍; പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി; ബാബറും റിസ്വാനും ട്വന്റി 20 ടീമില്‍ നിന്ന് പുറത്ത്; സല്‍മാന്‍ അലി ആഗ നായകന്‍; ഏകദിന ടീമില്‍ നിന്നും പ്രമുഖ താരങ്ങളെ പുറത്താക്കി
പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലും നേടാതെ ഗ്രൂപ്പ് റൗണ്ടില്‍ ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ കടുത്ത തീരുമാനമമെടുത്ത് പാക് ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍. നായകന്‍ മുഹമ്മദ് റിസ്വാനെയും മുന്‍ നായകന്‍ ബാബര്‍ അസമിനെയും ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നൊഴിവാക്കി. ചാമ്പ്യന്‍സ് ട്രോഫി ടീമിലില്ലാതിരുന്ന ഷദാബ് ഖാന്‍ വീണ്ടും വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ റിസ്വാന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ആഗയെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാക്കി. വെസ്റ്റിന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ട്വന്റി-20 ലോകകപ്പിനുശേഷം ഒരൊറ്റ ട്വന്റി-20 മത്സരംപോലും ഷദാബ് കളിച്ചിട്ടില്ല.
ഏകദിന ടീമിന്റെ ക്യാപ്റ്റനായി റിസ്വാനെയു നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പുറത്താക്കി. ഷഹീന്‍ ഷാ അഫ്രീദിക്ക് പുറമെ ഹാരിസ് റൗഫ്, ബാറ്റര്‍മാരായ സൗദ് ഷക്കീര്‍, കമ്രാന്‍ ഗുലാം എന്നിവര്‍ക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. ബാബര്‍ അസമും ഏകദിന ടീമിലുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ ബാബറിന്റെയും റിസ്വാന്റെയും മെല്ലെപ്പോക്കാണ് പാകിസ്ഥാന്റെ തോല്‍വികള്‍ക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ട്വന്റി 20 ടീമില്‍ നിന്നൊഴിവാക്കിയത്. ഏകദിന ടീമില്‍ നിന്നൊഴിവാക്കിയെങ്കിലും ഷഹീന്‍ അഫ്രീദിയെ ട്വന്റി 20 ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
സെപ്റ്റംബറില്‍ നടക്കുന്ന ട്വന്റി-20 ഏഷ്യാ കപ്പും 2026 ഫെബ്രുവരിയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പും മുന്നില്‍കണ്ടാണ് പുതിയ നീക്കം. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര മാര്‍ച്ച് 16-നാണ് തുടങ്ങുന്നത്.
ട്വന്റി-20 ടീമില്‍ മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്ദുല്‍ സമദ്, ഹസന്‍ നവാസ്, മുഹമ്മദ് അലി എന്നിവരാണ് ട്വന്റി-20യില്‍ അരങ്ങേറുക. സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ പാകിസ്ഥാനെ നയിച്ചത് സല്‍മാന്‍ ആഗയായിരുന്നു. അന്ന് പാകിസ്ഥാന്‍ 2-1ന് പരമ്പര നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സയിം അയ്യൂബിന് ഈ ടീമിലും ഇടം കണ്ടെത്താനായില്ല. പരിക്കുമൂലം ചാമ്പ്യന്‍സ് ട്രോഫിക്കിടെ ടീമിന് പുറത്തായ ഫഖര്‍ സമാനേയും ഒഴിവാക്കി.
നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ആദ്യ രണ്ടുമത്സരവും തോറ്റതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് പുറത്തായത്. അവസാനമത്സരം കളി മഴ മുടക്കിയതോടെ ഒരു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. -1.087 ആണ് നെറ്റ് റണ്‍റേറ്റ്. ഒരു ചാമ്പ്യന്‍ ടീമിന്റെ മോശം പ്രകടമാണ് പാകിസ്ഥാന്റേത്. 2013-ചാമ്പ്യന്‍സ് ട്രോഫിയില്‍ അന്നത്തെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസീസും ഒരു പോയന്റോടെ അവസാന സ്ഥാനത്തായിരുന്നു. അന്ന് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് -.680 ആയിരുന്നു.
അതിന് പുറമേ ഒരു ജയം പോലും നേടാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരാണ് പാകിസ്ഥാന്‍. 2000-ല്‍ കെനിയന്‍ ടീമാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ആതിഥേയര്‍. 2002-ല്‍ ഗ്രൂപ്പ് സ്റ്റേജ് ആരംഭിച്ചതിന് ശേഷം ഒരു ആതിഥേയ ടീമും ഒറ്റ ജയം പോലും സ്വന്തമാക്കാതെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിട്ടില്ല.
ആദ്യ മത്സരത്തില്‍ കിവീസിനോട് 60 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 260-ന് പുറത്തായി. രണ്ടാം മത്സരത്തിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയോടാണ് തോല്‍വി പിണഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ബംഗ്ലാദേശുമായുള്ള മത്സരമാവട്ടെ മഴ മൂലം ഒരു ബോള്‍ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള പാക് ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ഹസന്‍ നവാസ്, ജഹ്നാദ് ഖാന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് അലി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മൊഖീം, ഉസ്മാന്‍ ഖാന്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള പാക് ടീം ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ അലി ആഗ (വൈസ് ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, അകിഫ് ജാവേദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഇമാം ഉള്‍ ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അലി, മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സൂഫിയാന്‍ മൊഖീം, തയ്യാബ് താഹിര്‍.